Asianet News MalayalamAsianet News Malayalam

ചിക്കന്‍ ഫ്രൈഡ് റൈസ് എളുപ്പം തയ്യാറാക്കാം

chicken fried rice recipe
Author
First Published Jun 21, 2016, 10:18 AM IST

ആവശ്യമായവ:

ബസ്‌മതി റൈസ്- രണ്ടു കപ്പ്
ചിക്കന്‍ കഷണങ്ങള്‍ എല്ലില്ലാത്തത്- 250 ഗ്രാം
മുട്ട - രണ്ട് എണ്ണം
വെളുത്തുള്ളി - നാല് അല്ലി പൊടിയായി അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷണം പൊടിയായി അരിഞ്ഞത്
കാപ്‌സിക്കം - ഒരു ചെറുത്, ചെറുതായി അരിഞ്ഞത്
സവാള - ഒരു ചെറുത്, ചെറുതായി അരിഞ്ഞത്
ക്യാരറ്റ് - ഒരു ചെറിയത്, ചെറുതായി അരിഞ്ഞത്

*സെലറി
* സ്‌പ്രിംഗ് ഒനിയന്‍
* മല്ലിയില
ഇവ മൂന്നും ആവശ്യത്തിനു എടുക്കുക. സ്‌പ്രിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞു വയ്ക്കുക.

നാരങ്ങ നീര് - ഒരു ടേബിള്‍ സ്പൂണ്‍
വൈറ്റ് പെപ്പര്‍ - പാകത്തിന് എടുക്കുക..
സോയാ സോസ് - പാകത്തിന് എടുക്കുക.

ചില്ലി സോസ് - പാകത്തിന് എടുക്കുക (ഇത് ചിലര്‍ ചേര്‍ക്കാറില്ല, അവരവരുടെ ഇഷ്ടമനുസരിച്ച് ചേര്‍ക്കാവുന്നതാണ്)

എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

കുരുമുളക് പൊടി, കോണ്‍ ഫ്ലവര്‍ ചിക്കന് ചെറിയ ഒരു കോട്ടിംഗ് കൊടുക്കാന്‍ വേണ്ടിയാണ്.

തയ്യാറാക്കുന്ന വിധം:

chicken fried rice recipe
അരി വെള്ളം ഒഴിച്ച് പത്തു പതിനഞ്ചു മിനിറ്റ് കുതിരാന്‍ വയ്ക്കുക. അതിനു ശേഷം അരി കഴുകി വാരി വയ്ക്കുക. ചിക്കന്‍ കഴുകി വൃത്തിയാക്കി തീരെ ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു വയ്ക്കുക, ഇതില്‍ കോണ്‍ഫ്ലവറും ലേശം സോയാസോസും കുറച്ചു കുരുമുളകും ആവശ്യമെങ്കില്‍ ഉപ്പും പുരട്ടി പത്തു മിനിറ്റ് വയ്ക്കുക.

ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ കഴുകി വാരിയ അരി ഇതിലേക്ക് ഇടുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. അരി മുക്കാലും വെന്തു കഴിഞ്ഞു ഊറ്റി എടുക്കുക. (അരി വെള്ളം വറ്റിച്ചു എടുക്കാന്‍ ഇഷ്ടമുള്ളവര്‍ അങ്ങനെയും ചെയ്യാം).

(അരി തിളപ്പിച്ച് മുക്കാലും വേവിച്ചു ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പിറ്റേ ദിവസം എടുത്താല്‍ ടേസ്റ്റ് കൂടും, അരി ഒട്ടും പൊടിഞ്ഞു പോകുകയുമില്ല. അങ്ങനെ വേണ്ടവര്‍ക്ക് തലേ ദിവസം റൈസ് തയ്യാറാക്കി വയ്ക്കാം. സാധാരണയായി റെസ്റ്റോറന്റില്‍ മാത്രമല്ല ഇപ്പോള്‍ നമ്മുടെ വീടുകളിലും ഇങ്ങനെ ചെയ്യാറുണ്ട്.)

ഒരു വലുപ്പമുള്ള പരന്ന പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ വറുത്തു എടുക്കുക. ഡീപ് ഫ്രൈ ചെയ്യേണ്ട ആവശ്യമില്ല. വറുത്ത ചിക്കന്‍ പാനില്‍ നിന്നും കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ഒഴിച്ച് പാകത്തിന് കുരുമുളകും ഉപ്പും ചേര്‍ത്ത് ചിക്കി എടുക്കുക. മുട്ട ചിക്കിയത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

ഇതേ പാനിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിയ്ക്കുന്ന വെളുത്തുള്ളി, ഇഞ്ചി, സവാള മറ്റു വെജിറ്റബിള്‍സ് എന്നിവ ചേര്‍ത്ത് തീയ് കൂട്ടി വെച്ച് വഴറ്റുക തീ കൂട്ടി വെച്ച് വഴറ്റുമ്പോള്‍ വെജിറ്റബിള്‍സിന്റെ നിറം നഷ്ടമാകില്ല. ഇതിലേക്ക്‌ സോയാ സോസ്, ഉപ്പ്, വൈറ്റ്‌പെപ്പര്‍, നാരങ്ങാ നീര്, ചില്ലി സോസ് ഇവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് റൈസ് മിക്‌സ് ചെയ്തു നന്നായി ഇളക്കുക. ചിക്കനും മുട്ടയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പു വേണമെങ്കില്‍ നോക്കിയിട്ട് ഇപ്പോള്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഇനി പാനിന്റെ രണ്ടു വശങ്ങളിലും പിടിച്ചു റൈസ് റ്റോസ് ചെയ്തു എടുക്കുക ആണെങ്കില്‍ ഏകദേശം റെസ്റ്റോറന്റ് സ്‌റ്റൈല്‍ ആകും. സ്‌പ്രിംഗ് ഒനിയന്‍, മല്ലിയില, സെലറി എന്നിവ ചേര്‍ത്ത് വീണ്ടും റ്റോസ്‌ ചെയ്യുക.

ചിക്കന്‍ ഫ്രൈഡ് റൈസ് തയ്യാര്‍.

ചില്ലി ചിക്കന്‍, ചിക്കന്‍ മഞ്ചൂരിയന്‍, ഗാര്‍ലിക് ചിക്കന്‍, ബട്ടര്‍ ചിക്കന്‍ ഇവ എല്ലാം ഫ്രൈഡ് റൈസിന്റെ കോമ്പിനേഷന്‍ ആണ്.

ടിപ്‌സ്:

സോയാസോസില്‍ ഉപ്പ് ഉള്ളതുകൊണ്ട് ഉപ്പു ചേര്‍ക്കുന്നത് നോക്കി പാകത്തിന് ആയിരിക്കണം. തനി റെസ്റ്റോറന്റ്‌ സ്‌റ്റൈല്‍ വേണമെങ്കില്‍ അജിനോമോട്ടോ ചേര്‍ക്കണം, പക്ഷെ അത് ആരോഗ്യത്തിന് നല്ലതല്ല. പകരം ടേസ്റ്റ് ബാലന്‍സ് ചെയ്യാന്‍ ഒരു നുള്ള് ഷുഗര്‍ ചേര്‍ക്കുന്നവരും ഉണ്ട്. വെജിറ്റബിള്‍ ഓയില്‍ ആണ് ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ ഉത്തമം. ചില്ലി സോസ്, സോയാ സോസ്, വൈറ്റ് പെപ്പര്‍ എന്നിവ സ്‌പൂണ്‍ അളവ് എഴുതുന്നില്ല. നിങ്ങള്‍ പാകത്തിന് ചേര്‍ക്കുക. വേണമെങ്കില്‍ കാപ്‌സികം റെഡ്, യെല്ലോ എന്നിവയും വെജിറ്റബിള്‍സിന്റെ കൂടെ ചേര്‍ക്കാവുന്നതാണ്.

chicken fried rice recipe
തയ്യാറാക്കിയത്- ബിന്ദു ജെയ്‌സ്
കടപ്പാട്- ഉപ്പുമാങ്ങ ഡോട്ട് കോം ഫേസ്ബുക്ക് പേജ്

Follow Us:
Download App:
  • android
  • ios