കിടക്കയില്‍ മൂത്രം ഒഴിക്കാത്തവരുടെ മക്കള്‍ക്ക് ഈ ശീലം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. വെറും പതിനഞ്ച് ശതമാനത്തില്‍ താഴെയായിരിക്കും ഇത്. അതുകൊണ്ടുതന്നെ പാരമ്പര്യമായി വരുന്ന പ്രശ്‌നമായി ഇതിനെ കാണണമെന്നാണ് സര്‍ ഗംഗാറാം ആശുപത്രിയിലെ സീനിയര്‍ പീഡിയാട്രിക് നെഫ്രോളജിസ്റ്റ് ഡോ. കനവ് ആനന്ദ് പറയുന്നത്. എന്നാല്‍ മൂത്രാശയത്തിലെയും മറ്റും ചില വൈകല്യങ്ങള്‍ കാരണവും ഉറക്കത്തില്‍ മൂത്രം ഒഴിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡോ. ആനന്ദ് പറയുന്നു. മൂത്രാശയത്തില്‍ നിയന്ത്രണമില്ലാതാകുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അഞ്ചു വയസ് പിന്നിടുന്നതോടെ മാത്രമാണ്, മൂത്രാശയത്തില്‍ നിയന്ത്രണം കൈവരിക്കാനുള്ള ശേഷി കുട്ടികളില്‍ ഉണ്ടാകുന്നതെന്നും ഡോ. പറഞ്ഞു. ചില കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ മൂലവും കിടക്കയില്‍ മൂത്രം ഒഴിക്കാനുള്ള സാധ്യതയുണ്ടെന്ന് ദില്ലിയിലെ പീഡിയാട്രീഷ്യന്‍ പി കെ പ്രുതി പറയുന്നു. കുടുംബത്തിലെ ആരുടെയെങ്കിലും മരണം ഉണ്ടാക്കുന്ന ആഘാതം അനുഭവിച്ച കുട്ടികളും ലൈംഗിക അതിക്രമം നേരിട്ട കുട്ടികളുമൊക്കെ ഇത്തരത്തില്‍ കിടക്കയില്‍ മൂത്രം ഒഴിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോ. പ്രുതി പറയുന്നത്.