മയിലിന്റെ തൂവല്‍ പറിച്ച് രസിച്ച് കുട്ടികള്‍; മരണ വെപ്രാളം കണ്ട് രസിച്ച് രക്ഷിതാക്കള്‍ തൂവലുകള്‍ കയ്യില്‍ പിടിച്ച് കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്ന രക്ഷിതാക്കളെയാണ് വീഡിയോയില്‍ കാണുന്നത്

തൂവല്‍ പറിക്കാന്‍ ഓടിക്കുന്ന കുട്ടികളില്‍ നിന്ന് രക്ഷപെടാന്‍ പരക്കം പായുന്ന വെള്ള മയില്‍. കുട്ടികളുടെ തമാശ കണ്ട് രസിക്കുന്ന രക്ഷിതാക്കള്‍. വീഡിയോകാണുന്ന ആര്‍ക്കും ജീവനും കൊണ്ട് പായുന്ന മയിലിന്റെ അവസ്ഥ കൃത്യമായി മനസിലാകുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. 
ചൈനയുടെ വടക്കന്‍ പ്രവിശ്യയായ ഹേയ്ബേയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

കൂട്ടിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് കടന്നു ചെന്ന് പക്ഷികളെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്ന മയിലുകള്‍ക്കായുള്ള മൃഗശാലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മയിലിന്റെ തൂവല്‍ പറിച്ച് കൈയില്‍ പിടിച്ചും ശേഷിക്കുന്ന തൂവല്‍ പറിക്കാനുമായി ഓടിക്കുന്ന കുട്ടികളെ ശാസിക്കാനോ നിയന്ത്രിക്കാനോ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്നതും വീഡിയോയില്‍ വ്യക്തമാണ്. മറിച്ച് തൂവലുകള്‍ കയ്യില്‍ പിടിച്ച് കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്ന രക്ഷിതാക്കളെയാണ് വീഡിയോയില്‍ കാണുന്നത്. 

മയിലിനെ മരണ വെപ്രാളത്തില്‍ ഓടിക്കുന്നത് ആറ് കുട്ടികളാണ്. നീളമുള്ള പീലികള്‍ കയ്യില്‍ പിടിച്ച കുട്ടികള്‍ ഇവര്‍ക്കൊപ്പം ഉണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ രക്ഷിതാക്കളെയും കുട്ടികളെയും ഇങ്ങനെ പെരുമാറുന്നതിലെ അപാകത സംബന്ധിച്ച് ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂട്ടില്‍ ഉണ്ടായിരുന്ന നാലു മയിലുകളുടേയും തൂവലുകള്‍ കുട്ടികള്‍ പിഴുതെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കാണികളെ രസിപ്പിച്ചില്ലെന്ന കാരണത്താല്‍ കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നത്.