മലാശയ ക്യാന്‍സറിന് ആര്‍സിസിയില്‍ ഈ വര്‍ഷം ചികില്‍സ തേടി എത്തിയവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. മലാശയ ക്യാന്‍സറുമായി ആര്‍ സി സിയില്‍ എത്തിയവരില്‍ ഇരുപത് ശതമാനവും ചെറുപ്പക്കാരാണ്. അതും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവര്‍. രണ്ടു വര്‍ഷം മുമ്പ് ഇത് പതിനൊന്ന് ശതമാനമായിരുന്നു. അതായത് കേരളത്തില്‍ മലാശയ ക്യാന്‍സര്‍ പിടിപെടുന്ന ചെറുപ്പക്കാരുടെ എണ്ണം രണ്ടുവര്‍ഷംകൊണ്ട് ഇരട്ടിയായി. ചെറുപ്പക്കാരിലെ മലാശയ ക്യാന്‍സര്‍ ലോകശരാശരി വെറും അഞ്ചു ശതമാനം മാത്രമാകുമ്പോഴാണ് കേരളത്തില്‍ ഈ അസുഖം പെരുകുന്നത്. ഇതേത്തുടര്‍ന്ന് കേന്ദ്ര ഗവേഷണസ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഗവേഷകര്‍ ഈ വിഷയത്തെക്കുറിച്ച് പഠിച്ചു. ഈ അസുഖം ഭേദമായി പോകുന്ന ഭൂരിഭാഗം രോഗികളിലും കരള്‍, ശ്വാസകോശം, തലച്ചോറ് എന്നിവിടങ്ങളിലായി വീണ്ടും ക്യാന്‍സര്‍ പിടിപെടുന്നു എന്നതാണ് ഭീകരമായ വസ്‌തുതയെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. രാജീവ് ഗാന്ധി ബയോടെക്‌നോളജീസില്‍ നടത്തിയ പഠനത്തില്‍നിന്ന് ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്ന ഐടി ജീവനക്കാരായ ചെറുപ്പക്കാരില്‍ മലാശയ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ബീഫ് പോലെയുള്ള ചുവന്ന മാംസം, ജനിതകമാറ്റം വരുത്തിയ കോഴിയറിച്ചി, കോള പോലെയുള്ള ശീതളപാനീയങ്ങള്‍, പൊറോട്ട, പഫ്‌സ് പോലെയുള്ള മൈദ കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ അമിതമായി ഉപയോഗിച്ചത് മലാശയ ക്യാന്‍സറിന് കാരണമായതായി പഠനത്തില്‍ വ്യക്തമായി. മേല്‍പ്പറഞ്ഞവ കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോള്‍ ആമാശയത്തില്‍ രൂപപ്പെടുന്ന ടോക്‌സിക് എന്‍ഡോബയോട്ടിക് വിഭാഗത്തില്‍പ്പെടുന്ന ബൈല്‍ ആസിഡ് ആണ് മലാശയ ക്യാന്‍സറിനുള്ള പ്രധാന കാരണം.