സംസ്ക്കരിച്ച ഭക്ഷണ ഇനങ്ങളും മാംസവും കാൻസറിനുള്ള സാധ്യത പതിൻമടങ്ങ് വർധിപ്പിക്കുന്നുവെന്ന് ഇതിനകം ഗവേഷണങ്ങളിൽ നിസംശയം തെളിഞ്ഞതാണ്. എന്നിട്ടും ഇത്തരം വിഭവങ്ങൾ ഇപ്പോഴും നമ്മുടെ തീൻ മേശയിലെ പ്രധാന ഇനങ്ങളായി നിലനിൽക്കുകയും ചെയ്യുന്നു. ഭക്ഷണ ക്രമത്തിൽ അടിമുടി മാറ്റം വരുത്തിയില്ലെങ്കിൽ മാരക രോഗം നിങ്ങളെ തേടിയെത്തുമെന്നതിൽ സംശയമില്ല.

മാർക്കറ്റിൽ പോയി വിവിധ മാംസങ്ങൾ വാങ്ങുമ്പോള് ഇവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിക്കാൻ ആരും മുതിരാറില്ല. വാങ്ങുന്ന മാംസം ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്താൻ എത്ര പേർ ശ്രദ്ധിക്കാറുണ്ട്. റെഡ് മീറ്റ് ഇനത്തിൽപെടുന്ന മാംസം ആണ് ഭക്ഷണങ്ങളുടെ കൂട്ടത്തിൽ നമ്മുടെ ആരോഗ്യത്തിന്റെ പ്രധാന ശത്രു.

ബ്രിട്ടനിലെ കാൻസർ റിസർച്ച് സെന്‍ററിലെ വിദഗ്ദർ കൃത്യമായ മുന്നറിയിപ്പാണ് ഇതിൽ നൽകുന്നത്. മാംസമാക്കുന്ന മൃഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ അത് ഭക്ഷിക്കുന്ന മനുഷ്യനെയും പ്രതികൂലമായി ബാധിക്കുന്നു. ട്യൂമർ പോലുള്ള ഗുരുതര രോഗങ്ങളുള്ള മൃഗങ്ങളെ ഇറച്ചിക്കായി ഉപയോഗിക്കുന്നത് ഭക്ഷിക്കുന്നവർക്ക് വൻ അപകടം വരുത്തുന്നതാണ്. കശാപ്പിന് മുമ്പ് മൃഗങ്ങളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാൻ നമ്മുടെ നാട്ടിൽ സംവിധാനങ്ങൾ ഇല്ലെന്നതും ഭീഷണിയാണ്.

മലാശയ അർബുദം ആണ് ഇതുവഴി പ്രധാനമായും ബാധിക്കാൻ സാധ്യത. ഉപ്പിട്ടുണക്കിയ പോലുള്ള സംസ്ക്കരിച്ച മാംസ വിഭവങ്ങളും വൻ ആരോഗ്യ ഭീഷണി ഉയർത്തുന്നവയാണ്. അന്താരാഷ്ട്ര കാൻസർ റിസർച്ച് ഏജൻസിയും ഇത് ശരിവെക്കുന്നു. സൂപ്പർമാർക്കറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന മാംസാഹരങ്ങളുടെ പായ്ക്കറ്റുകൾ നന്നായി പരിശോധിച്ചശേഷം മാത്രമേ എടുക്കാവൂ. ഇവയുടെ ഗുണനിലവാരം, സംസ്ക്കരണം, പായ്ക്കിങ് എന്നിവ പരിശോധിക്കണം. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇപ്പോഴും നമ്മൾ പിന്നിലായതിനാൽ അപകടം വരുത്തുന്ന ഇത്തരം റെഡ്മീറ്റുകളോട് അകലം പാലിക്കുന്നത് തന്നെയാണ് അത്യുത്തമം.
