ലോകത്ത് തന്നെ പശുവിന്‍ പാല്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതായത് നമ്മുടെ രാജ്യത്ത് മുക്കാല്‍ പങ്ക് ജനവും നിത്യേനയുള്ള ഭക്ഷണാവശ്യങ്ങള്‍ക്കായി പാല്‍ ഉപയോഗിക്കുന്നുണ്ട്

നമ്മള്‍ ഏറ്റവും സുരക്ഷിതവും പ്രകൃതിദത്തവുമാണെന്ന് കരുതി ആത്മവിശ്വാസത്തോടെ കഴിക്കുന്ന ഒന്നാണ് പശുവിന്‍ പാല്‍. എന്നാല്‍ അതും അപകടകരമായ രീതിയില്‍ വിഷാംശം അടങ്ങിയതാണെന്ന് കണ്ടെത്തിയാലോ? 

ഇതാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ സംഭവിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് വിവിധയിടങ്ങളില്‍ നിന്നായി ശേഖരിച്ച, പാല്‍, തൈര് എന്നിവ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി എടുത്തത്. വിശദമായ പരിശോധനയ്ക്ക് ശേഷം അവര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. 

സംസ്‌കരിക്കാത്ത പശുവിന്‍ പാലില്‍ ലെഡ്, മറ്റ് രാസപദാര്‍ത്ഥങ്ങള്‍, അപകടകാരികളായ ബാക്ടീരിയകള്‍ എന്നിവയെല്ലാം കണ്ടെത്തിയിരിക്കുന്നു. എല്ലാം ശരീരത്തെ നല്ലരീതിയില്‍ പ്രശ്‌നത്തിലാക്കാന്‍ പോന്ന ഘടകങ്ങള്‍. 

കാലിത്തീറ്റയിലെ മായമാണത്രേ പാലില്‍ ലെഡ് കലരാന്‍ ഇടയാക്കുന്നത്. അതോടൊപ്പം തന്നെ, കീടനാശിനികള്‍ അമിതമായ തോതില്‍ പ്രയോഗിച്ച കൃഷിയിടങ്ങളില്‍ മേഞ്ഞുനടന്ന്, അവിടെ വളരുന്ന പുല്ല് കഴിക്കുന്നതോടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന രാസപദാര്‍ത്ഥങ്ങള്‍ കുറേശ്ശെയായി പശുക്കളുടെ ശരീരത്തിലെത്തുന്നു. ഇത് നേരെ പാലിലും എത്തുന്നു. 

പശുവിന്‍ പാലും വിഷമയമായി എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ കൊടുത്തതോടെ വിഷയത്തില്‍ കോടതി ഇടപെടുകയായിരുന്നു. ബംഗ്ലാദേശ് ഹൈക്കോടതിയാണ് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഉത്തരവിട്ടത്. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

രാജ്യത്ത് ലഭ്യമായിരിക്കുന്നതില്‍ 15 ശതമാനം സംസ്‌കരിക്കാത്ത പാലിലും മൂന്ന് ശതമാനം പാക്കറ്റ് പാലിലും ഉയര്‍ന്ന തോതില്‍ ലെഡ് കലര്‍ന്നിരിക്കുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. തൈരിലും ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

പശുക്കള്‍ക്ക് നല്‍കുന്ന കാലിത്തീറ്റയിലും ലെഡ് കണ്ടെത്തിയതാണ് കൂടുതല്‍ ഞെട്ടലായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ലെഡിന് പുറമേ ക്രോമിയം, മറ്റ് രാസഘടകങ്ങള്‍ എന്നിവയും കാലിത്തീറ്റയിലുള്ളതായി ഇവര്‍ കണ്ടെത്തി.

ഇത് ഒരിടത്ത് മാത്രമൊതുങ്ങുന്ന പ്രശ്‌നമല്ലെന്നും എല്ലാ രാജ്യങ്ങളിലും ഇക്കാര്യത്തില്‍ പരിശോധന നടത്തി വ്യക്ത വരുത്തുന്നത് നല്ലതായിരിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. ലോകത്ത് തന്നെ പശുവിന്‍ പാല്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതായത് നമ്മുടെ രാജ്യത്ത് മുക്കാല്‍ പങ്ക് ജനവും നിത്യേനയുള്ള ഭക്ഷണാവശ്യങ്ങള്‍ക്കായി പാല്‍ ഉപയോഗിക്കുന്നുണ്ട്.