ഈ കാലഘട്ടത്തിലെ ഏറ്റവും മാരകമായ അസുഖങ്ങളിലൊന്ന് ക്യാന്‍സര്‍ തന്നെ. തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ ചികില്‍സ ദുഷ്‌ക്കരമാകുന്ന മഹാരോഗം. ക്യാന്‍സറിന്റെ യഥാര്‍ത്ഥ കാരണം ആധികാരികമായി കണ്ടെത്താനായിട്ടില്ല. എങ്കിലും ചിലതരം ഭക്ഷണങ്ങളും മോശം ജീവിതശൈലിയുമൊക്കെ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് ഡോക്‌ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവും ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കും. ദിവസവും ബീഫ് കഴിച്ചുതുടങ്ങി, വര്‍ഷങ്ങള്‍ക്കകം തന്നെ ക്യാന്‍സര്‍ പിടികൂടാന്‍ സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബീഫ് പോലെ തന്നെ സംസ്‌ക്കരിച്ച മാംസവിഭവങ്ങളും അപകടകരമാണെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ അപകടസാധ്യത ഒഴിവാക്കാന്‍, ദിവസവും ബീഫ് അല്ലെങ്കില്‍ സംസ്‌ക്കരിച്ച മാംസവിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്‍കുന്നത്.