ശവപ്പെട്ടിയും അസ്ഥികൂടവും കാത്തിരിക്കുന്നു ഈ കോഫി ഷോപ്പില്‍

ബാങ്കോക്ക്: മരണത്തെ കുറിച്ച് ലോകത്തെ അറിയിക്കാനും ഒരു കോഫി ഷോപ്പ്, അതാണ് ബാങ്കോക്കിലെ ഈ ഡെത്ത് കഫെ. മരണത്തെ തിരിച്ചറിഞ്ഞ് ജീവിതം മനോഹരമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ കോഫി ഷോപ്പിനായി തീം തെരഞ്ഞെടുക്കുമ്പോള്‍ ഉടമസ്ഥര്‍ ആലോചിച്ചത്. മുഴുവന്‍ ആശയവും ബുദ്ധ ചിന്ത ഉള്‍ക്കൊള്ളുന്നതാണെന്നും അവര്‍ പറയുന്നു. 

പുതിയതായി ചിന്തിക്കൂ എന്ന് പറയാതെ പറയുന്നതാണ് കിഡ് മെ ഡെത്ത് കഫെ. വെള്ള ശവപ്പെട്ടി, അസ്ഥികൂടം, തുടങ്ങിയവ കൊണ്ടാണ് കോഫി ഷോപ്പ് അലങ്കരിച്ചിരിക്കുന്നത്. ഭക്ഷണം കാത്തിരിക്കുന്ന ഇടവേളയില്‍ ശവപ്പെട്ടിയില്‍ കിടന്ന് അതിന്‍റെ അനുഭവം തിരിച്ചറിയാനുള്ള അവസരവും ഷോപ്പില്‍ ഒരിക്കിയിട്ടു. 

ഡെത്ത് കഫെയിലെത്തുന്ന യുവാക്കള്‍ ശവപ്പെട്ടിയിലെ കിടപ്പ് അനുഭവിച്ചാണ് മടങ്ങുന്നത്. ഇത് ആസ്വദിക്കുന്നവര്‍ക്ക് പാനീയങ്ങളില്‍ ഇളവും നല്‍കാറുണ്ട് ഡെത്ത് കഫെ. 


കഫെയുടെ മധ്യത്തില്‍തന്നെ അസ്ഥികൂടം സ്ഥാപിച്ചിട്ടുണ്ട്. മരണം എപ്പോഴും തൊട്ടടുത്തുണ്ടെന്ന് തിരിച്ചറിയാനാണ് ഇത്. മദ്യപിച്ച് വാഹനമോടിക്കുന്നത് മരണത്തിലെത്തിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ അസ്ഥികൂടം. 

ഇവിടെ ലഭിക്കുന്ന പാനീയങ്ങള്‍ക്കും മരണത്തോടടുത്ത് നില്‍ക്കുന്ന പേരുകളാണ്. പെയിന്‍ഫുള്‍ എന്ന പാനീയമാണ് ഇവിടെ പ്രശസ്തം. മരണ വീട്ടില്‍ ചെന്ന പ്രതീതിയാണ് ഈ കഫെയില്‍ കയറിയാലെന്നാണ് കഫെയിലെ സ്ഥിരം സന്ദര്‍ശകര്‍ പറയുന്നത്.