ദില്ലിയിലെ 26 ഇടങ്ങളെ അന്തരീക്ഷ മലിനീകരണത്തെ അടിസ്ഥാനപ്പെടുത്തി ഏറ്റവും പ്രശ്‌നബാധിതമായ മേഖലകളെന്നായിരുന്നു മഴയ്ക്ക് മുമ്പ് വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ പലയിടങ്ങളും മഴയോടുകൂടി നല്ലരീതിയില്‍ മെച്ചപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 

ദില്ലി: കടുത്ത അന്തരീക്ഷ മലിനീകരണവും മഞ്ഞും ദില്ലിയിലെ ജനജീവിതം ദുസ്സഹമാക്കിത്തീര്‍ത്തിട്ട് ദിവസങ്ങളായിരുന്നു. ഇതിനിടെയാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മഴ ലഭിച്ചത്. അതോടെ ഒരല്‍പം ആശ്വാസത്തിലേക്ക് കടന്നിരിക്കുകയാണ് ദില്ലി. 

ദില്ലിയിലെ 26 ഇടങ്ങളെ അന്തരീക്ഷ മലിനീകരണത്തെ അടിസ്ഥാനപ്പെടുത്തി ഏറ്റവും പ്രശ്‌നബാധിതമായ മേഖലകളെന്നായിരുന്നു മഴയ്ക്ക് മുമ്പ് വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ പലയിടങ്ങളും മഴയോടുകൂടി നല്ലരീതിയില്‍ മെച്ചപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

അന്തരീക്ഷത്തില്‍ കെട്ടിക്കിടന്നിരുന്ന മലിനമായ പദാര്‍ത്ഥങ്ങള്‍ മഴയോടെ താഴേക്ക് പൊഴിഞ്ഞുപോയതാണ് ഇപ്പോള്‍ അല്‍പം ആശ്വാസം പകരാന്‍ ഇടയാക്കിയത്. എന്നാല്‍ ഈ സമാധാനം അധികനാളത്തേക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തിങ്കളാഴ്ചയോടെ ദില്ലി വീണ്ടും പഴയ മട്ടിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങുമെന്നാണ് ഇവര്‍ പറയുന്നത്.