45 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ട് ലക്ഷത്തിലധികം പേരെയാണ് പഠനത്തിനായി സംഘം നിരീക്ഷിച്ചത്. മദ്ധ്യവയസ്‌കരിലെ നിരാശയും ഉത്കണ്ഠയും ക്രമേണ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍ 

നാല്‍പത് വയസ്സിന് ശേഷമാണ് പലപ്പോഴും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തല പൊക്കുക. ഇതില്‍ പല അസുഖങ്ങളും ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. മദ്ധ്യവയസ് കഴിഞ്ഞവരില്‍ നിരാശയും ഉത്കണ്ഠയും കാണുന്നതും ഇപ്പോള്‍ സാധാരണ കാഴ്ചയായിരിക്കുന്നു. ജീവിതരീതികളും ജോലിയുടെ സ്വഭാവവുമെല്ലാം ഇതിനെ നല്ല തോതില്‍ ബാധിക്കുന്നുണ്ട്. 

എന്നാല്‍ മദ്ധ്യവയസ്‌കരായവര്‍ തങ്ങള്‍ക്ക് വരുന്ന നിരാശയെയോ ഉത്കണ്ഠയെയോ സാധാരണ പോലെ നിസ്സാരമായി തള്ളിക്കളയരുതെന്നാണ് എഡിന്‍ബര്‍ഗ് കേന്ദ്രീകരിച്ച് നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. സ്‌കോട്ടിഷ്- ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ സംഘമാണ് പഠനം സംഘടിപ്പിച്ചത്. 

മദ്ധ്യവയസ്‌കരിലെ നിരാശയും ഉത്കണ്ഠയും ക്രമേണ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. 45% പേര്‍ക്കാണ് ഇതിനുള്ള സാധ്യതയുള്ളത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുറമേ, പക്ഷാഘാതത്തിനുള്ള സാധ്യതയും സംഘം ചൂണ്ടിക്കാട്ടുന്നു. 

45 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ട് ലക്ഷത്തിലധികം പേരെയാണ് പഠനത്തിനായി സംഘം നിരീക്ഷിച്ചത്. മാനസിക വിഷമതകളുള്ളവരില്‍ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കണ്ടെത്തിയെങ്കിലും പുരുഷനിലും സ്ത്രീയിലും ഇതിനുള്ള സാധ്യതകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. 

സമ്മര്‍ദ്ദമുള്ള സ്ത്രീകളില്‍ 44% പേര്‍ക്കും പക്ഷാഘാതത്തിനുള്ള സാധ്യത കണ്ടെത്തി. എന്നാല്‍ പുരുഷന്മാരില്‍ ഇത് 30% പേര്‍ക്കേ സാധ്യതയുള്ളൂ. ഭക്ഷണരീതിയും മറ്റ് ജീവിതരീതികളും പരിഗണിക്കുമ്പോഴും ഈ അനുപാതത്തില്‍ വ്യത്യാസം വന്നില്ല. അതേസമയം പഠനം നടത്താന്‍ നിരീക്ഷിച്ചവരിലെ കണക്കാണിതെന്നും ഇത് കൃത്യമായ കണക്കായി എടുക്കാനാകില്ലെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ഡോ. കരോളിന്‍ ജാക്‌സണ്‍ പറയുന്നു. 

എന്നാല്‍ മദ്ധ്യവയസ് കഴിഞ്ഞവരിലെ നിരാശയ്ക്കും ഉത്കണ്ഠയ്ക്കും ഡോക്ടറെ കണ്ട ശേഷം ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.