ഇടയ്‌ക്കിടെ 'ശല്യം' ചെയ്യുന്ന ഭാര്യമായുടെ രീതി മിക്ക ഭര്‍ത്താക്കന്‍മാര്‍ക്കും ഇഷ്‌ടമില്ലാത്ത കാര്യമാണ്. എന്നാല്‍ ഭര്‍ത്താക്കന്‍മാരുടെ ആരോഗ്യത്തിന്റെ കാര്യത്തിലാണ് ഭാര്യമാരുടെ ഈ 'ശല്യം ചെയ്യല്‍' എങ്കിലോ? അതെ, പുതിയ പഠനം അനുസരിച്ച് ഇടയ്‌ക്കിടെ ശല്യം ചെയ്യുന്ന ഭാര്യമാരുള്ളവര്‍ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത കുറവാണത്രെ. ജോലി തിരക്കുകള്‍ക്കിടയിലും മറ്റും വിളിച്ചു, ഭക്ഷണ കാര്യത്തിലും മറ്റും വിടാതെ ഉപദേശിക്കുന്ന ഭാര്യമാര്‍ ഉള്ള ഭര്‍ത്താക്കന്‍മാര്‍ക്ക് പ്രമേഹം പിടിപെടില്ലെന്നാണ് മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. വിവാഹിതരായ 1228 പേരില്‍ അഞ്ചു വര്‍ഷമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇനി പ്രമേഹം ഉള്ളവരുടെ കാര്യത്തിലാണെങ്കില്‍, ഭാര്യമാരുടെ ഈ 'ശല്യപ്പെടുത്തല്‍' ഉണ്ടെങ്കില്‍ അസുഖം നന്നായി നിയന്ത്രിക്കാനാകും. ഭക്ഷണ കാര്യത്തില്‍ എപ്പോഴും ഭാര്യമാരുടെ ശല്യപ്പെടുത്തല്‍ ഒരു നല്ല ഇടപെടല്‍ ആയിരിക്കുമെന്നാണ് പറയുന്നത്. അതേസമയം സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്ന സ്‌ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ജെറോണ്ടോളജി സീരീസ് ബി: സൈക്കോളജിക്കല്‍ സയന്‍സസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.