മുട്ട ഇഷ്‌ടപ്പെടാത്തവര്‍ അധികമുണ്ടാകില്ല. ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. സമീകൃതാഹാരമെന്ന് വിളിക്കുന്ന മുട്ട സ്ഥിരമായി കഴിച്ചാല്‍ ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നൊരു വാദം ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍ വെന്തുരുകുന്ന ഈ ചൂടുകാലത്ത് മുട്ട കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് പരിശോധിക്കാം... വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് അമിതമായ അളവില്‍ മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ കഴിക്കുന്നത് കൊണ്ട് അനാരോഗ്യകരമായ ഒന്നും ഉണ്ടാകുന്നില്ല. മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കും. ഇത് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് മാത്രം. ഇതിനര്‍ത്ഥം വേനലില്‍ മുട്ട കഴിക്കാന്‍ പാടില്ല എന്നല്ല. വേനല്‍ക്കാലത്ത് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നതാണ് അഭികാമ്യം. അതില്‍ കൂടുതലായാല്‍ ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാം.