ജോലിസമയത്ത് പാട്ട് കേൾക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നെതര്‍ലാന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള രണ്ട് പ്രൊഫസര്‍മാർ ഈ വിഷയത്തില്‍ രസകരമായ പഠനം നടത്തിയിരിക്കുന്നു

നീണ്ട നേരം ജോലി ചെയ്യുമ്പോള്‍ ആര്‍ക്കായാലും ഒരു വിരസത അനുഭവപ്പെട്ടേക്കാം. ഈ വിരസത ഒഴിവാക്കാനായി ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ പാട്ട് കേള്‍ക്കുന്നവര്‍ ധാരാളമാണ്. പാട്ട് കേട്ടുകൊണ്ടുതന്നെ ജോലികളിലും വ്യാപൃതരായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് ജോലിയോടൊപ്പം പാട്ട് കേള്‍ക്കുന്നത് അവരുടെ ശ്രദ്ധയെ ബാധിക്കും. 

നിങ്ങള്‍ ഇതില്‍ ഏത് വിഭാഗത്തിലാണ് പെടുന്നത്. ജോലിക്കൊപ്പം പാട്ട് കേള്‍ക്കുന്നവരാണെങ്കില്‍ അത് ഒരു പരിധി വരെ നിങ്ങളുടെ മനസ്സിനെ മുഷിപ്പില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. 

നെതര്‍ലന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള രണ്ട് പ്രൊഫസര്‍മാരാണ് ഈ വിഷയത്തില്‍ രസകരമായ പഠനം നടത്തിയത്. ജോലിസമയത്ത് പാട്ട് കേള്‍ക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ ഇത് ആപേക്ഷികമാണെന്നും എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ ആയിരിക്കണമെന്നില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

അതുപോലെ തന്നെ പ്രധാനമാണ്, എത്തരത്തിലുള്ള സംഗീതമാണ് ആസ്വദിക്കുന്നതെന്നും ഇവര്‍ പറയുന്നു. പൊതുവേ വിഷാദ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ അത്തരം പാട്ടുകള്‍ തന്നെ എപ്പോഴും കേള്‍ക്കാനാണ് താല്‍പര്യപ്പെടുക. എന്നാല്‍ അത് ജോലിക്ക് അത്ര ഗുണകരമാവില്ലെന്നാണ് പഠനം പറയുന്നത്. മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. 

സന്തോഷമുള്ള സംഗീതം ചെയ്യുന്ന ജോലിയെ വേഗത്തിലാക്കാനും, ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെന്നും പഠനം കണ്ടെത്തി. അതേസമയം കണക്കുകളുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്യുന്നതെങ്കില്‍ കൂട്ടത്തില്‍ പാട്ട് കേള്‍ക്കുന്നത് അത്ര ഗുണകരമാകില്ലെന്നും ഇവര്‍ പറയുന്നു. 

ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമുള്ള സംഗീതമായിരിക്കും ജോലിസമയത്ത് കേള്‍ക്കാന്‍ കൂടുതല്‍ നല്ലതെന്നും പഠനം നിര്‍ദേശിക്കുന്നു. പാട്ടിന്റെ വരികളിലേക്ക് ശ്രദ്ധ തിരിയാതിരിക്കാനാണ് ഇത്. അതുപോലെ തന്നെ വലിയ ബഹളമില്ലാത്തതും എന്നാല്‍ അത്രമാത്രം മെലഡിയായതുമായ പാട്ടുകള്‍ ഓഫീസില്‍ വച്ച് കേള്‍ക്കാതിരിക്കുക. ഇതിനിടയിലുള്ള സംഗീതം കുറഞ്ഞ ശബ്ദത്തില്‍ ആസ്വദിക്കാന്‍ ശ്രമിക്കാം.