കടുത്ത വയറുവേദനയുമായാണ് അവള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. അങ്ങനെ വയര്‍ സ്‌കാന്‍ ചെയ്‌ത ഡോക്‌ടര്‍മാര്‍ കറുത്തനിറത്തിലുള്ള എന്തോ, വയറില്‍ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി. അതു പുറത്തെടുക്കാന്‍ ശസ്‌ത്രക്രിയ അനിവാര്യമായിരുന്നു. അങ്ങനെ വിദഗ്ദ്ധ ഡോക്‌ടര്‍മാര്‍ ചേര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയയ്‌ക്കൊടുവില്‍ പുറത്തെടുത്തത് എന്താണെന്നോ? 750 ഗ്രാം മുടി. മുംബൈയിലാണ് സംഭവം. മുംബൈ നഗരത്തിന് സമീപത്തുള്ള ഗ്രാമത്തില്‍നിന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. മുടി തിന്നുന്ന ശീലം യുവതിക്ക് ഉണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. മുടി തിന്നാന്‍ തുടങ്ങിയതിന് ശേഷം യുവതിയുടെ ഭാരം ക്രമാതീതമായി കുറയുകയും വയറുവേദനയും വയര്‍ പെരുപ്പവും പതിവായിരുന്നു. മന്ത്രവാദവും നാട്ടുവൈദ്യവും മറ്റും നടത്തിനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അങ്ങനെയാണ് യുവതിയെ നഗരത്തിലെ ആശുപത്രിയില്‍ കൊണ്ടുവന്നത്. യുവതിയുടെ വയറിനുള്ളില്‍നിന്ന് 25 സെന്റിമീറ്റര്‍ വരെ നീളമുള്ള മുടി പുറത്തെടുത്തിട്ടുണ്ട്. മുടി തിന്നുന്ന ശീലം ചിലരില്‍ കണ്ടുവരാറുണ്ട്. ആധുനിക വൈദ്യശാസ്‌ത്രത്തില്‍ ഇതിനെ ട്രിക്കോഫാഗിയ എന്നാണ് പറയുന്നത്. മുടിയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ഒരിക്കലും ദഹിക്കുകയോ, മലത്തില്‍ക്കൂടി പുറത്തുവരുകയോ ചെയ്യാറില്ലെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു.