4,400ഓളം സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരില്‍ 1,677 പേര്‍ക്കും കുഞ്ഞുങ്ങളില്ലായിരുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവാണ് ഇതിനെ ബാധിക്കുന്നത്

ചെറുപ്പക്കാരായ സ്ത്രീകളില്‍ വന്ധ്യതയുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. എന്നാല്‍ പുത്തന്‍ ജീവിതശൈലികള്‍ ചെറുതല്ലാത്ത രീതിയിലാണ് സ്ത്രീകളെ ബാധിച്ചിരിക്കുന്നത്. ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരവും വ്യായാമം ഇല്ലായ്മയുമെല്ലാം സ്ത്രീകളുടെ ശരീരത്തിന്റെ ജൈവികമായ ചക്രം തന്നെ മാറ്റിമറിച്ചിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളില്‍ പെട്ട കൊളസ്‌ട്രോളാണ് ഇതില്‍ ഒരു പ്രധാന വില്ലന്‍.

ബി.എം.ജി ഓപ്പണ്‍ എന്ന ആരോഗ്യപതിപ്പാണ് വന്ധ്യതയും സ്ത്രീകളിലെ കൊളസ്‌ട്രോളും എന്ന വിഷയത്തില്‍ പഠനം നടത്തിയത്. ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍.ഡി.എല്‍ അളവിലധികം കണ്ടെത്തിയ സ്ത്രീകളില്‍ വന്ധ്യതയും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 

അതായത് എല്‍.ഡി.എല്‍ അമിതമായി കണ്ടെത്തിയ സ്ത്രീകള്‍ ഒന്നുകില്‍ കുഞ്ഞുങ്ങളില്ലാത്തവരോ അല്ലെങ്കില്‍ ഒരു കുഞ്ഞ് മാത്രമുള്ളവരോ ആയിരുന്നു. ആകെ 4,400ഓളം സ്ത്രീകളെയാണ് പഠനത്തിന്റെ ഭാഗമായി പരിശോധനകള്‍ക്ക് വിധേയരാക്കിയത്. 

ഇതില്‍ 1,677 സ്ത്രീകള്‍ക്കും കുട്ടികളില്ലായിരുന്നു. ഒരു കുഞ്ഞ് മാത്രമുള്ള 500ഓളം പേരുണ്ടായിരുന്നു. 2,157 പേര്‍ രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ളവരായിരുന്നു. ഇവരില്‍ കുട്ടികളില്ലാത്തവരില്‍ മഹാഭൂരിപക്ഷം സ്ത്രീകളിലും കൊളസ്‌ട്രോള്‍ കണ്ടെത്തി. പൊണ്ണത്തടിയുള്ളവരിലും ഇതേ സാധ്യത തെളിഞ്ഞുനിന്നു. 

ഒരു തവണ മാത്രം പ്രസവിച്ചവര്‍, രണ്ടാമത് ഗര്‍ഭധാരണത്തിനായി ധാരാളം മരുന്നുകള്‍ കഴിച്ചതിനാലാകാം, ഇവരില്‍ പ്രമേഹത്തിന്റെ സാധ്യതയും കൂടുതലായിരുന്നു. രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ള സ്ത്രീകളിലെ ആകെ കൊളസ്‌ട്രോളിന്റെ അളവിലും കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകളിലെ ആകെ കൊളസ്‌ട്രോളിന്റെ അളവിലും തന്നെ ഗണ്യമായ വ്യത്യാസമുണ്ടെന്നും പഠനം കണ്ടെത്തി.