26 പട്ടികളെ ഉപയോഗിച്ച് നടത്തിയ പഠനം മനുഷ്യന്‍റെ വിവിധ വികാരങ്ങളെ പട്ടികള്‍ തിരിച്ചറിയുന്നു

പട്ടികളെ വളര്‍ത്തുന്നവര്‍ ഇനി സൂക്ഷിക്കണം. നിങ്ങളുടെ മുഖ ലക്ഷണങ്ങളെല്ലാം പട്ടികള്‍ക്ക് വായിക്കാനറിയാമെന്നാണ് ജര്‍മ്മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പ്രിംഗര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. മനുഷ്യന്‍റെ നല്ലതോ ചീത്തതോ ആയ എല്ലാ വികാരങ്ങളും ഭാവങ്ങളിലൂടെ പട്ടികള്‍ പിടിച്ചെടുക്കും. തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ടാണ് ഓരോ വികാരങ്ങളും ഇവര്‍ വേര്‍തിരിച്ചെടുക്കുന്നത്. 

മുന്നില്‍ നില്‍ക്കുന്നയാള്‍ സന്തോഷത്തിലാണോ ദേഷ്യത്തിലാണോ പേടിയിലാണോ എന്നെല്ലാം അറിയാനാണത്രേ പട്ടികള്‍ തല ഇടത്തേക്ക് തിരിക്കുന്നത്. അത്ഭുതത്തോടെ ഒരാള്‍ നോക്കിയാല്‍ വലത്തേക്ക് തല തിരിക്കും. അതായത് ശുഭകരമായ കാര്യങ്ങളെ തലച്ചോറിന്റെ ഇടതുഭാഗവും അശുഭകരമായ കാര്യങ്ങളെ തലച്ചോറിന്റെ വലതുഭാഗവും തിരിച്ചറിയുന്നുവെന്നാണ് നിഗമനം. വളരെ മോശം സമയത്തിലൂടെ കടന്നുപോകുന്ന ഒരാളെ കണ്ടാല്‍ പട്ടികളുടെ ഹൃദയ സ്പന്ദനം വരെ കൂടുമത്രേ. 

പട്ടികള്‍ ഒരുപോലെ തീക്ഷണമായി പ്രതികരിച്ചത് മനുഷ്യരുടെ പേടി, ദേഷ്യം, സന്തോഷം എന്നീ വികാരങ്ങളോടായിരുന്നത്രേ

26 പട്ടികളെ വച്ചാണ് സ്പ്രിംഗ് പരീക്ഷണം നടത്തിയത്. ഇവരുടെ വിവിധ വശങ്ങളിലായി പല ഭാവങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളുടേയും പുരുഷന്മാരുടേയും ചിത്രങ്ങള്‍ വച്ചു. ഓരോ ചിത്രങ്ങളോടുമുള്ള പട്ടികളുടെ പ്രതികരണം സൂക്ഷ്മമായി പരിശോധിച്ചു. പട്ടികള്‍ ഒരുപോലെ തീക്ഷണമായി പ്രതികരിച്ചത് മനുഷ്യരുടെ പേടി, ദേഷ്യം, സന്തോഷം എന്നീ വികാരങ്ങളോടായിരുന്നത്രേ. 

കാലങ്ങളോളം മനുഷ്യനുമായി അടുത്തിടപഴകിയതിന്റെ ഭാഗമായാണ് മനുഷ്യന്റെ വികാരങ്ങളെ തിരിച്ചറിയുന്ന തലത്തിലേക്ക് പട്ടികളുടെ തലച്ചോര്‍ മാറിയതെന്ന് കൂടി സ്പ്രിംഗിന്റെ പഠനം വ്യക്തമാക്കുന്നു.