പ്രളയപ്പേമാരി നാശം വിതച്ചപ്പോള്‍ അന്നുവരേയുണ്ടായിരുന്ന എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് എല്ലാവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറിയത്. അങ്ങനെ  ഉപേക്ഷിച്ചതില്‍ സ്വന്തം ജീവനായി സ്നേഹിച്ചു വളര്‍ത്തിയ മൃഗങ്ങളുമുണ്ട്. പരസ്പരം തുണയായി നിന്നാണ് അതില്‍ പലതും പേമാരിയില്‍ നിന്നും രക്ഷപ്പെട്ടത്.

നിലമ്പൂര്‍ നെടുംങ്കയം ആദിവാസി കോളനിയിലെ ജാനകിയമ്മയുടെ 47 ആടുകള്‍ക്ക് രക്ഷയായത് അവര്‍ തന്നെ വളര്‍ത്തിയ അഞ്ച് നായകളാണ്. നാലു ദിവസങ്ങളോളമാണ് കോളനിയില്‍ വെള്ളം കയറിയത്. വെള്ളം കയറിത്തുടങ്ങിയതോടെ ജാനകിയമ്മയും കുടംബവും വീട്ടില്‍ നിന്നും മാറിതാമസിച്ചിരുന്നു.

പക്ഷേ പോകുന്നതിന് മുമ്പ് ആടുകളെയും പട്ടികളെയും കൂട്ടില്‍ നിന്നും അഴിച്ചുവിടാന്‍ അവര്‍ മറന്നില്ല. വെള്ളം കയറിത്തുടങ്ങിയതോടെ പട്ടികള്‍ ആടുകള്‍ക്ക് വഴികാട്ടിയായി ഉയര്‍ന്നപ്രദേശത്തേയ്ക്ക് നയിച്ചു. ചെറിയ ആട്ടിന്‍ കുട്ടികളെ കടിച്ചെടുത്ത് വെള്ളമില്ലാത്തിടത്തേയ്ക്ക് എത്തിച്ചു. അങ്ങനെ പരസ്പരം തുണയായി ജീവന്‍ രക്ഷിച്ച് മനുഷ്യര്‍ക്ക് മാതൃകയാകുകയാണ് ആടുകളും പട്ടികളും.

വളര്‍ത്തുനായകള്‍ ആടുകളെ ഒരു രീതിയിലും ആക്രമിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അവരെ സംരക്ഷിക്കുമെന്നും കരുതിയിരുന്നു അതുതന്നെ നടന്നുവെന്നും ജാനകിയമ്മയുടെ മകന്‍ കലേഷ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചിത്രത്തിന് കടപ്പാട് ദി ഹിന്ദു