ഘ്രാണശക്തി ഏറ്റവും കൂടുതലുണ്ടെന്ന വിശേഷിപ്പിക്കുന്ന നായകള്‍ക്ക് ചില രോഗങ്ങള്‍ മണത്തറിയാന്‍ ശേഷിയുണ്ടോ? ഉണ്ടെന്നാണ് പുതിയ വിലിയിരുത്തല്‍. സ്ത്രീകളുടെ ഏറ്റവും വലിയ പേടി സ്വപ്നമായ മാറിട കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ നായകള്‍ക്ക് കഴിയുമെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. രോഗം നേരത്തേ അറിയുന്നതിനും ചികിത്സിക്കുന്നതിനും ഇതു ഗുണകരമാകുമെന്നും പറയുന്നു.

മാറിട കാന്‍സറിന്റെ കാര്യത്തില്‍ അവ സ്പര്‍ശിച്ച തുണിക്കഷ്ണം പോലും ഒരു നായയ്ക്ക് മണത്തറിയാനാകുമത്രേ. വെറും ആറുമാസത്തെ പരിശീലനം നല്‍കാം എന്നുണ്ടെങ്കില്‍ ഒരു ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട നായകള്‍ക്ക്് ഇക്കാര്യം 100 ശതമാനം കൃത്യതയോടെ തന്നെ പറയാന്‍ കഴിയുമെന്ന് ഗവേഷണ ടീം അവകാശപ്പെടുന്നു. മാമോഗ്രാം പോലെ ചെലവേറിയ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ഇതെന്നും വ്യക്തമാക്കുന്നുണ്ട്. 

പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന മാറിട കാന്‍സര്‍ സെല്ലുകള്‍ ഒരു പ്രത്യേകതരം ഗന്ധം പുറത്തുവിടുന്നുണ്ട്. ഇവ ചെറിയ മണംപോലും പിടിച്ചെടുക്കാന്‍ കഴിയുന്ന നായകള്‍ക്ക് കണ്ടുപിടിക്കാന്‍ എളുപ്പം കഴിയും. 31 കാന്‍സര്‍ രോഗികളില്‍ നിന്നും ശേഖരിച്ച അവര്‍ ഉപയോഗിച്ച ബാന്‍ഡ് എയ്ഡുകള്‍ ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ നായകള്‍ തിരിച്ചറിഞ്ഞത്രേ. ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയ ജര്‍മ്മന്‍ ഷെപ്പേഡുകള്‍ രോഗികളുടെയും അല്ലാത്തവരുടെയും സാമ്പിളുകള്‍ തിരിച്ചറിഞ്ഞു. 

ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും ഇത്തരം അനേകം പരീക്ഷണങ്ങള്‍ നടന്നിരുന്നു. വിവിധ കാന്‍സര്‍ രോഗികളില്‍ നിന്നുള്ള 31 ബാന്‍ഡേജുകളാണ് ഉപയോഗിച്ചത്. മൂന്ന് സാമ്പിളുകളില്‍ ഒരെണ്ണം കാന്‍സര്‍ ഇല്ലാത്തയാളുടേത് എന്ന ക്രമത്തിലായിരുന്നു പരിശോധന. പല തവണ നടന്ന പരീക്ഷണത്തില്‍ ആദ്യം 90 ശതമാനവും പിന്നീട് 100 ശതമാനവും പരീക്ഷണം ശരിയായി. ഇക്കാര്യത്തില്‍ ഇപ്പോള്‍ കുടുതല്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് വിദഗ്ദ്ധര്‍.