ഭക്ഷണത്തില്‍ മീന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് ആവശ്യമായ മാംസ്യവും ഒമേഗ ത്രീ ഫാറ്റി ആസിഡും മീനില്‍നിന്ന് ലഭിക്കും. എന്നാല്‍ മഴക്കാലത്ത് മീന്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ന്യൂട്രീഷ്യന്‍ വിദഗ്ദ്ധര്‍ പറയുന്നത്. അതിന് ചില കാരണങ്ങളും അവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം..

1, സാധാരണഗതിയില്‍ ഈ സമയത്താണ് മല്‍സ്യത്തിന്റെ പ്രജനനം നടക്കാറുള്ളത്. മുട്ടയോട് കൂടിയ മല്‍സ്യം കഴിക്കുന്ന ചിലര്‍ക്ക് വയറില്‍ അണുബാധയ്‌ക്കും ഭക്ഷ്യവിഷബാധയ്‌ക്കും കാരണമാകും.

2, മഴക്കാലത്ത്, കടലിലേക്ക് രാസവസ്‌തുക്കള്‍, പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ധാരാളം മാലിന്യങ്ങള്‍ പുഴകളില്‍നിന്നും കായലുകളില്‍നിന്നും ഒഴുകിയെത്തുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് മീന്‍ കഴിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.

3, ട്രോളിങ് നിരോധനം നിലവിലുള്ളതിനാല്‍, ദിവസങ്ങളോളം ശേഖരിച്ചുവെച്ചിട്ടുള്ള മല്‍സ്യം മഴക്കാലത്ത് വില്‍പനയ്‌ക്ക് എത്താറുണ്ട്. 10 ദിവസത്തിലധികം ഫ്രീസറില്‍വെച്ച മല്‍സ്യം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

4, മഴക്കാലത്ത് മീന്‍ കഴിക്കുന്നവരില്‍ ജലജന്യരോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. മലിനജലം കൂടുതലായി കടലിലേക്ക് വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സമയത്ത് മല്‍സ്യം കഴിച്ചാല്‍ ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം, കോളറ, വയറിളക്കം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകം.

5, മഴക്കാലത്ത് ട്രോളിങ് നിരോധനമായതിനാല്‍ വന്‍കിട വ്യാപാരികളും സൂപ്പര്‍മാര്‍ക്കറ്റുകാരും പലതരം രാസവസ്‌തുക്കള്‍ ഉപയോഗിച്ചാണ് മന്‍ കേടാകാതെ സൂക്ഷിക്കുന്നത്. സള്‍ഫേറ്റ്, പോളിഫോസ്‌ഫേറ്റ് എന്നീ രാസവസ്തുക്കളാണ് മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ ശരീരത്തിലെത്തുന്നത് ശ്വാസതടസവും ഹൃദ്രോഗവും ഉണ്ടാകാന്‍ കാരണമാകും.