Asianet News MalayalamAsianet News Malayalam

പൊണ്ണത്തടിയേക്കാൾ ഹൃദയത്തെ അപകടത്തിലാക്കുന്നത് കഷണ്ടി!

Early baldness higher heart disease risk factor than obesity
Author
First Published Nov 30, 2017, 11:27 AM IST

പൊണ്ണത്തടി ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. എന്നാൽ അതിനേക്കാൾ അപകടകരം കഷണ്ടിയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. നാല്‍പ്പത് വയസിൽ താഴെയുള്ള പുരുഷൻമാരിൽ കഷണ്ടി ഹൃദയാരോഗ്യത്തെ അപകടപ്പെടുത്തുമെന്ന് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക പൊതുയോഗത്തിൽ ഈ പഠനറിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. മുടിവേഗത്തിൽ കൊഴിഞ്ഞ് കഷണ്ടിയാകുന്നതും മുടി നേരത്തെ നരയ്‌ക്കുന്നതുമൊക്കെ ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. മൈക്ക് നാപ്‌ടൺ പറയുന്നു.

കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുകയും ഇല്ലാതാക്കിയോ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനാകും. എന്നാൽ കഷണ്ടി മൂലമുള്ള ഹൃദ്രോഗ സാധ്യത കുറയ്‌ക്കാൻ ഒരു മാർഗവുമില്ലെന്നും പഠനസംഘം പറയുന്നു. 40 വയസിൽ താഴെയുള്ള 790 പുരുഷൻമാരിലാണ് പഠനം നടത്തിയത്. ഇതിൽനിന്ന് മുടി നേരത്തെ നരയ്‌ക്കുന്നവരിൽ 50 ശതമാനം പേർക്ക് ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. കഷണ്ടിയുള്ള 49 ശതമാനം പേർക്കും ഹൃദ്രോഗമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.

ആന്തരികായവയങ്ങൾക്ക് അതിവേഗം പ്രായമേറുന്നത് ഒരു കാരണമായിരിക്കാമെന്നാണ് പഠനത്തിൽ ഭാഗമായ ഇന്ത്യയിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. കമൽ ശർമ്മ അഭിപ്രായപ്പെടുന്നത്. കഷണ്ടിയുള്ളവരിലും നേരത്തെ മുടി നരയ്‌ക്കുന്നവരിലും ആന്തരികമായ ബയോളജിക്കൽ ഏജിങ് എന്ന പ്രക്രിയ അതിവേഗം നടക്കുന്നു. മറ്റ് അവയവങ്ങൾക്ക് പ്രായമേറുന്നതുപോലെ ഹൃദയത്തിനും പ്രായമേറുകയും ആരോഗ്യാവസ്ഥയിൽ മാറ്റമുണ്ടാകുകയും ചെയ്യുന്നു. പ്രായമേറുമ്പോൾ ഡിഎൻഎയ്‌ക്ക് സംഭവിക്കുന്ന നാശവും ഹൃദയാരോഗ്യം മോശമാകാൻ കാരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

Follow Us:
Download App:
  • android
  • ios