പൊതുവെ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ചെവിക്കായം. ചിലരില്‍ നല്ല കട്ടിയായോ, മറ്റുചിലരില്‍ വെള്ളംപോലെയോ ആണ് ചെവിക്കായം പുറത്തേക്ക് വരുക. ചിലരില്‍ ഇത് ചെവിവേദനയ്‌ക്കും കേള്‍വിക്കുറവിനും കാരണമാകും. എന്നാല്‍ ചെവിക്കായം കട്ടിയായോ, വെള്ളംപോലെയോ ഇരിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണെന്ന് കെന്റക്കി സര്‍വ്വകലാശാലയിലെ ഇഎന്‍ടി വിഭാഗം തലവന്‍ ഡോ. ബ്രെട്ട് കോമര്‍ പറയുന്നു. അത്തരത്തില്‍ ചില സൂചനകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇത് ശ്രദ്ധിച്ച് മുന്‍കരുതല്‍ സ്വീകരിച്ചാല്‍ രോഗങ്ങളില്‍നിന്ന് മുന്‍കൂറായി രക്ഷപ്പെടാം.

1, വെള്ളംപോലെയും പച്ചനിറത്തിലും ആയാല്‍-

ചെവിക്കായം വെള്ളംപോലെയും പച്ചനിറത്തിലും ആണ് പുറത്തേക്ക് വരുന്നതെങ്കില്‍, ചെവിക്കുള്ളിലെ അണുബാധയുടെ സൂചനയായിരിക്കും. ചെവിയിലെ പഴുപ്പ്, ചെവിക്കായത്തിനൊപ്പം അലിഞ്ഞ് താഴേക്ക് വരുന്നതാണ് വെള്ളംപോലെ ആകാന്‍ കാരണം.

2, വരണ്ടിരിക്കുന്നതോ പശപശപ്പുള്ളതോ ആയ ചെവിക്കായം-

പൊതുവെ ഏഷ്യാക്കാരിലാണ് വരണ്ട ചെവിക്കായം കണ്ടുവരുന്നത്. എന്നാല്‍ ആഫ്രിക്കക്കാരിലും യൂറോപ്പുകാരിലും പശപശപ്പുള്ള ചെവിക്കായമാണുള്ളത്. ഈ സ്ഥലങ്ങളിലെ കാലാവസ്ഥാപ്രകൃതംകൊണ്ടാണ് ഇത്തരത്തില്‍ ചെവിക്കായം വരണ്ടോ പശപശപ്പോ ആയി കാണുന്നത്. പാരമ്പര്യമായി കണ്ടുവരുന്ന ഇത്തരം ചെവിക്കായം ഏതെങ്കിലും അസുഖത്തിന്റെ സൂചനയല്ല. എന്നാല്‍ ചെവിക്കായം കൂടുതലാകുമ്പോള്‍, ഡോക്‌ടറെ കണ്ടു അത് എടുത്തുകളയണം. ഇല്ലെങ്കില്‍ അസഹനീയമായ ചെവിവേദന അനുഭവപ്പെടാം.

3, ദുര്‍ന്ധമുള്ള ചെവിക്കായം-

ചിലരുടെ ചെവിക്കായത്തിന് നല്ല ദുര്‍ഗന്ധമായിരിക്കും. ഇത് മധ്യകര്‍ണത്തിലെ അണുബാധയുടെ സൂചനയായിരിക്കും. ശരീരത്തിന്റെ തുലനം നിയന്ത്രിക്കുന്ന മധ്യകര്‍ണത്തിലുണ്ടാകുന്ന അണുബാധ നിസാരമായി കാണരുത്. ഉടന്‍ വൈദ്യസഹായം തേടണം.

4, ചെവിയില്‍നിന്ന് ഒലിക്കുക-

ചെവിക്കായം വെള്ളംപോലെ ഒലിച്ചിറങ്ങും. കര്‍ണ്ണപടത്തിലെ അണുബാധയുടെ ലക്ഷണമാകും ഇത്. ചെവിക്കുള്ളില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുന്നതുവഴിയാകും ഇത്തരം അണുബാധ ഉണ്ടാകുക. ഇത് പൊട്ടിയൊലിച്ച് ചെവിക്കായത്തിനൊപ്പം കലര്‍ന്നാണ് വെള്ളംപോലെ പുറത്തേക്ക് ഒലിച്ചിറങ്ങുന്നത്. ഇങ്ങനെയുണ്ടെങ്കില്‍ ഇഎന്‍ടി ഡോക്‌ടറെ കാണുന്നത് നല്ലതാണ്.