ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. ചൈനയില്‍ നടന്ന പഠനറിപ്പോര്‍ട്ട് സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 18 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. 

ലോകത്ത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ 60 ശതമാനവും ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ റിപ്പോര്‍ട്ട്. അതിനാല്‍ ദിവസും മുട്ട കഴിക്കുന്നത് നല്ലതാണ്. മുമ്പ് നടന്ന പല പഠനങ്ങളുടെയും നിഗമനങ്ങളെ തള്ളിക്കൊണ്ടാണ് ഈ പഠനം. മുട്ട കഴിക്കുമ്പോള്‍ ധാരാളം കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ഇത് ക്രമേണ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമെല്ലാം ആണ് ആളുകള്‍ കരുതിയിരുന്നത്. ഹൃദയത്തെ സുരക്ഷിതമാക്കുന്നതിന് പുറമെ എന്നും മുട്ട കഴിക്കുന്നത് തലച്ചോറിലെ ധമനികള്‍ പൊട്ടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പക്ഷാഘാതത്തിനുള്ള സാധ്യത 26 ശതമാനത്തോളം കുറയ്ക്കുമത്രേ. ഈ പക്ഷാഘാതം മൂലം മരിക്കാനുള്ള സാധ്യതയില്‍ 28 ശതമാനവും കുറവ് വരുത്തുന്നു. 

മുട്ടയുടെ മറ്റ് ഗുണങ്ങള്‍

ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ​മുട്ടയുടെ മഞ്ഞ എല്ലാവരും ഒഴിവാക്കാറാണുള്ളത്.

100 ഗ്രാം മുട്ട മഞ്ഞയിൽ 1.33 ഗ്രാം കൊളസ്ട്രോളാണുള്ളത്. മാത്രമല്ല വിറ്റാമിൻ എ,ബി, ക്യാത്സ്യം,ഫോസ്ഫറസ്,ലെസിതിൻ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.  ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് വളരെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. 

സ്ത്രീകൾ ആഴ്ച്ചയിൽ 3 മുട്ട വച്ചെങ്കിലും കഴിക്കാൻ ശ്രമിക്കുക.  മുട്ട സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയും. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം രക്​തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ശരീരത്തി​ന്‍റെ ശരിയായ പ്രവർത്തനത്തിന്​ ഇലക്​ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്​ പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പെപ്​റ്റൈഡ്​ എന്ന പ്രോട്ടീൻ ഘടകം രക്​തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുന്നു.