2008 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയെയാണ് ലോകം അഭിമുഖീകരിച്ചത്. ഈ കാലയളവില്‍ അതിരൂക്ഷമായ തൊഴില്‍ ഇല്ലായ്‌മയും ദാരിദ്ര്യവും നേരിട്ടുവെന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ പുതിയ പഠനത്തില്‍ പറയുന്നത്, 2008ലെ സാമ്പത്തിക പ്രതിസന്ധി ക്യാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമായിരുന്നുവെന്നാണ്. ഇന്ത്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ വര്‍ദ്ധിച്ച ചികില്‍സാ ചെലവ് രോഗികളെ വിഷമവൃത്തത്തിലാക്കി. ഒപ്പം വൈദ്യശാസ്‌ത്രമേഖലയിലെ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചു. പുതിയ ചികില്‍സാരീതികള്‍, മരുന്നുകള്‍ എന്നിവയൊക്കെ കണ്ടെത്തുന്നതിനും, ആധുനിക ചികില്‍സകള്‍ ആവിഷ്‌ക്കരിക്കുന്നതിനുമൊക്കെ സാമ്പത്തിക പ്രതിസന്ധി ഒരു വിലങ്ങുതടിയായി മാറി. ഫലത്തില്‍ ഇത് രോഗികളെയും വൈദ്യശാസ്‌ത്രത്തെയും ഒരുപോലെ ബാധിച്ചതായാണ് ദി ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ റിഫാറ്റ് അതുന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.