ലഖ്നൗ: മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാൽ 2000 രൂപ ‌നൽകാമെന്നതായിരുന്നു ബെറ്റ്. ഒരു ബെറ്റ് കാരണം യുവാവിന് നഷ്ടപ്പെട്ടത് സ്വന്തം ജീവനാണ്. 42 വയസുള്ള സുഭാഷ് യാദവാണ് മരിച്ചത്. ലഖ്നൗവിലെ ജാൻപൂർ ജില്ലയിലെ പിപിഗഞ്ച് മാർക്കറ്റിലാണ് സംഭവം. സുഭാഷ് ഡ്രൈവറാണ്. 

മദ്യപിച്ചിരിക്കുമ്പോൾ സുഭാഷിന്റെ സു​ഹൃത്ത് പന്തയം വയ്ക്കുകയായിരുന്നു. ബെറ്റ് ഏറ്റെടുത്ത സുഭാഷ് മുട്ട കഴിക്കാൻ തുടങ്ങി. എന്നാൽ 42ാം മുട്ട കഴിച്ച് തീർക്കുന്നതിനിടെ ഇയാൾ ബോധരഹിതനായി താഴേക്ക് വീഴുകയായിരുന്നു. ഉടനെ പ്രദേശവാസികൾ സുഭാഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

അവിടെ നിന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ട് പോവുകയായിരുന്നു. സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടയും മദ്യവും അമിതമായി കഴിച്ചതാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.