കുട്ടികൾക്ക് കഴിവതും പുതിയ ഭക്ഷണങ്ങൾ മാത്രം കൊടുക്കുക. ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ചതോ ചൂടാക്കിയതോ ആയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക. മെെദ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ബർ​ഗർ, ചീസ് പോലുള്ള ഭക്ഷണങ്ങൾ നൽകി ശീലിപ്പിക്കരുത്.  

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടികാണിക്കുന്നുവെന്ന് മിക്ക അമ്മമാരും ഡോക്ടറിനോട് പറയാറുണ്ട്. എല്ലാതരം ഭക്ഷണങ്ങളും കൊടുത്ത് നോക്കി. എന്നിട്ടും കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല. ഇങ്ങനെ പറയുന്ന നിരവധി അമ്മമാർ ഇന്നുണ്ട്. കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്താൻ അമ്മമാര്‍ക്ക് കഴിയണം. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അമ്മമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. 

1. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്. അനുനയത്തിന്റെ ഭാഷയാണ് എപ്പോഴും അഭികാമ്യം. ഭക്ഷണത്തോടുള്ള വിരക്തിയുടെ കാരണമാണ് ആദ്യം കണ്ടുപിടിക്കേണ്ടത്.

2. കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം അളവിലും ഗുണത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

3. എന്നും കൃത്യസമയത്ത് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. അതുപോലെ കുട്ടികളെ ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കാൻ പഠിപ്പിക്കണം. ചവച്ചരച്ച് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. 

4. കുട്ടികൾക്ക് ധാരാളം പച്ചക്കറികളും പഴവർ​ഗങ്ങളും കൊടുക്കാൻ ശ്രമിക്കുക. ക്യാരറ്റ്, ബീറ്റ് റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ ധാരാളം കൊടുക്കുക.

5. ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ വ്യത്യസ്തമായ ആകൃതിയിലും അളവിലും ഉണ്ടാക്കി നോക്കുക. പുട്ടുണ്ടാക്കുമ്പോള്‍ തേങ്ങാ ചിരവിയിട്ടതിന്റെ കൂടെയോ പകരമോ കാരറ്റ് കൊത്തിയരിഞ്ഞതോ ചീര കൊത്തിയരിഞ്ഞതോ ഒക്കെ ചേര്‍ക്കാവുന്നതാണ്. രുചിയും ഗുണവും വര്‍ണവൈവിധ്യവും ഉണ്ടാകും.

6. കുട്ടികൾക്ക് സമീകൃതാഹാരം ശീലിപ്പിക്കുക. പഴങ്ങൾ, പച്ചക്കറികൾ, വെള്ളം എന്നിവ ധാരാളം നൽകുക. പ്രോട്ടീൻ‌ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി നൽകുക. 

7. കുട്ടികൾക്ക് കഴിവതും പുതിയ ഭക്ഷണങ്ങൾ മാത്രം കൊടുക്കുക. ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ചതോ ചൂടാക്കിയതോ ആയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക. 

8. വെെകിട്ട് നാലുമണി പലഹാരമായി ബേക്കറി സാധനങ്ങള്‍ കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക. ബിസ്‌ക്കറ്റ്, കേക്ക്, ജിലേബി, ലഡു, എന്നിവയിലൊക്കെ എണ്ണ, കൊഴുപ്പ്, പഞ്ചസാര, നിറവും മണവും നല്‍കാനുള്ള കൃതിമ വസ്തുക്കള്‍, ഉയര്‍ന്ന കലോറി എന്നിവ അടങ്ങിയിരിക്കുന്നു. 

9. മെെദ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ​ഗോതമ്പിലുള്ള വിഭവങ്ങൾ കൊടുക്കുന്നതിൽ വലിയ പ്രശ്നമൊന്നുമില്ല. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ബർ​ഗർ, ചീസ് പോലുള്ള ഭക്ഷണങ്ങൾ നൽകി ശീലിപ്പിക്കരുത്.

10. ചായ, കാപ്പി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. പാലിൽ ബൂസ്റ്റോ, ഹോർലിക്സോ, ബദാം പൗഡറോ എന്നിവ ചേർത്ത് കൊടുക്കുന്നതിൽ പ്രശ്നമില്ല. പാലിൽ കുട്ടികൾക്ക് ഇഷ്ടമുള്ള (വാനില,സ്ട്രോബെറി പോലുള്ള) ഫ്ളേവറുകൾ ചേർക്കാവുന്നതാണ്.