Asianet News MalayalamAsianet News Malayalam

ടിവി കണ്ടും പാട്ട് കേട്ടും വ്യായാമം ചെയ്യുന്നത് അപകടമോ?

ശരാശരി 15 വയസ് പ്രായമുള്ള 24 ആണ്‍കുട്ടികളെയാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്. ഇവരെക്കൊണ്ട് ദിവസവും 30 മിനുറ്റ് ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യിച്ചു. ഈ സമയങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഇവര്‍ക്ക് ഇഷ്ടമുള്ള ഷോ കാണാന്‍ അനുവദിച്ചു. പാട്ട് ഇഷ്ടമുള്ളവര്‍ക്കാണെങ്കില്‍ പാട്ട് കേള്‍പ്പിച്ചു
 

exercise while watching tv may not cause negative impacts
Author
Trivandrum, First Published Oct 2, 2018, 11:02 AM IST

പലര്‍ക്കും വ്യായാമത്തിനുള്ള സമയമെന്നാല്‍ ഒന്ന് 'റിലാക്‌സ്' ചെയ്യുന്ന സമയം കൂടിയാണ്. അതിനാല്‍ തന്നെ ടിവി ഓണ്‍ ചെയ്തുവച്ചോ, പാട്ട് കേട്ടോ എല്ലാം വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാലിത് ദോഷകരമായ ഫലമുണ്ടാക്കുമെന്ന് വ്യാപകമായ ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തിലാണ് ഒട്ടാവ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു ഗവേഷകസംഘം പഠനം നടത്തിയത്. 

ടി.വി കണ്ടോ പാട്ട് കേട്ടോ ഒക്കെ വ്യായാമം ചെയ്യുന്നവരുടെ ഭക്ഷണരീതിയിലും മറ്റ് ശീലങ്ങളിലും ഗണ്യമായ മാറ്റങ്ങള്‍ വരുമെന്നാണ് പരക്കെയുള്ള ധാരണ. ഇത് വ്യായാമം ലക്ഷ്യമിടുന്ന ഗുണങ്ങളുടെ നേര്‍വിപരീത ഫലങ്ങളാണ് ശരീരത്തിന് നല്‍കുക. ഇതുതന്നെയായിരുന്നു ഗവേഷകസംഘത്തിന്റെയും പഠനവിഷയം. 

ശരാശരി 15 വയസ് പ്രായമുള്ള 24 ആണ്‍കുട്ടികളെയാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്. ഇവരെക്കൊണ്ട് ദിവസവും 30 മിനുറ്റ് ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യിച്ചു. ഈ സമയങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഇവര്‍ക്ക് ഇഷ്ടമുള്ള ഷോ കാണാന്‍ അനുവദിച്ചു. പാട്ട് ഇഷ്ടമുള്ളവര്‍ക്കാണെങ്കില്‍ പാട്ട് കേള്‍പ്പിച്ചു. തുടര്‍ന്ന് ഇവരുടെ ഭക്ഷണരീതികളും മറ്റ് ജോലികളും പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. 

ടിവി ഷോ കണ്ടും പാട്ട് കേട്ടും അവരവര്‍ക്ക് താല്‍പര്യമുള്ളത് പോലെ വ്യായാമത്തിലേര്‍പ്പെട്ട കുട്ടികളില്‍ 'നെഗറ്റീവ്' ആയ ഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് മാത്രമല്ല, അവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായിരുന്നുവെന്നും പഠനം വിലയിരുത്തുന്നു. എല്ലാ വ്യക്തികളുടെയും കാര്യത്തില്‍ ഇത് ഒരുപോലെ ആയിരിക്കണമെന്നില്ലെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും മനസ്സിന് സന്തോഷം തോന്നുന്ന രീതികളില്‍ തന്നെയാണ് വ്യായാമം ചെയ്യേണ്ടതെന്നും ഇത് യാതൊരു പ്രശ്‌നവും ആരോഗ്യത്തിനുണ്ടാക്കില്ലെന്നുമാണ് സംഘം തങ്ങളുടെ പഠനറിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറയുന്നത്.
 

Follow Us:
Download App:
  • android
  • ios