ന്യൂയോര്‍ക്ക്: അന്ധത ഇനിയൊരു ഒറ്റ ഡോസ് കൊണ്ട് പരിഹാരിക്കാം. കണ്ണിലെ റെറ്റിനയ്ക്ക് തകരാര്‍ സംഭവിച്ച് പൂര്‍ണ അന്ധതയിലേക്ക് എത്തുന്ന രോഗാവസ്ഥയ്ക്ക് പരിഹാരവുമായി അമേരിക്കന്‍ കമ്പനി രംഗത്ത്. ഒറ്റ ഡോസ് കൊണ്ട് അന്ധത പൂര്‍ണമായും മാറുമെന്നാണ് കമ്പനിയുടെ അവകാശം. അതേസമയം, മരുന്നിന്‍റെ വില അഞ്ച് കോടി രൂപയാണ്. 

റെറ്റിന നശിച്ചുണ്ടാവുന്ന പാരമ്പര്യ അന്ധതയെ മറികടക്കാനാണ് മരുന്ന് വികസിപ്പിച്ചത്. ലക്ഷ്വര്‍ന എന്നാണ് മരുന്നിന്‍റെ പേര്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മരുന്നുകളുടെ പട്ടികയിലാണ് ലക്ഷ്വര്‍നയും ഇടം നേടിയിരിക്കുന്നത്.

ഫിലാഡല്‍ഫിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സ് ആണ് അത്യപൂര്‍വ്വ മരുന്നിന്‍റെ നിര്‍മ്മാതാക്കള്‍. ജീന്‍ തെറാപ്പി വഴിയാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കുന്ന ലക്ഷ്വര്‍ന, ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മെഡിസിനാണെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം, ഇത്രയും കൂടിയ വിലയില്‍ മരുന്ന് വില്‍പ്പന നടത്തുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. മരുന്ന് വാര്‍ത്തയായതോടെ ചികിത്സ ഫലിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു.