ചില നിറങ്ങള്‍ സന്തോഷമുണ്ടാക്കുകയും, അതിലൂടെ സുഖനിദ്രയേകുകയും ചെയ്യുന്നു. അതേസമയം മറ്റുചില നിറങ്ങള്‍ മനസ്സിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കണ്ണിനകത്തുള്ള 'ഗാംഗ്ലിയോണ്‍' എന്ന കോശങ്ങളെയാണത്രേ നിറങ്ങള്‍ പെട്ടെന്ന് സ്വാധീനിക്കുക

വീട് വയ്ക്കുമ്പോള്‍ മിക്കവരും ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഒരിടമാണ് കിടപ്പറ. സൗകര്യങ്ങള്‍ക്കൊപ്പം കിടപ്പറയുടെ നിറത്തിന്റെ കാര്യത്തിലും ഇപ്പോള്‍ എല്ലാവരും ആവശ്യത്തിന് ശ്രദ്ധ നല്‍കാറുണ്ട്. കിടപ്പറയുടെ നിറത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെന്തായിരിക്കും എന്ന് ഓര്‍ത്ത് നോക്കിയിട്ടുണ്ടോ? വെറും കാഴ്ചയ്ക്കുള്ള ഭംഗി മാത്രമാണോ ഇതിന് പിന്നില്‍?

കിടപ്പറയുടെ നിറത്തിന് പിന്നിലെ രഹസ്യം...

ദിവസം മുഴുനുമുള്ള ഓട്ടപ്പാച്ചിലുകള്‍ക്കും മുഷിച്ചിലിനും ശേഷം നമ്മള്‍ സമാധാനമായി അല്‍പസമയം ചെലവഴിക്കുന്നത് നമ്മുടെ മുറിയിലായിരിക്കും. വില കൂടിയ കിടക്കയോ എസിയോ ഒക്കെയുണ്ടായാലും മനസ്സിന് തണുപ്പേകാന്‍ വേറെയും ചില കാര്യങ്ങള്‍ നിര്‍ബന്ധമാണ്. അത്തരത്തില്‍ ഒരു ഘടകമാണ് നിറമെന്ന് വിദഗ്ധര്‍ പറയുന്നു. 

ചില നിറങ്ങള്‍ സന്തോഷമുണ്ടാക്കുകയും, അതിലൂടെ സുഖനിദ്രയേകുകയും ചെയ്യുന്നു. അതേസമയം മറ്റുചില നിറങ്ങള്‍ മനസ്സിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കണ്ണിനകത്തുള്ള 'ഗാംഗ്ലിയോണ്‍' എന്ന കോശങ്ങളെയാണത്രേ നിറങ്ങള്‍ പെട്ടെന്ന് സ്വാധീനിക്കുക. നമ്മള്‍ എങ്ങനെ ഉറങ്ങണമെന്നും, ഉണര്‍ന്ന് കഴിഞ്ഞ് മുഴുവന്‍ ദിവസവും ഏത് മാനസികാവസ്ഥയില്‍ തുടരണമെന്നും നിശ്ചയിക്കുന്നതില്‍ ഇതിനുള്ള പങ്ക് ചെറുതല്ലെന്നും വിദഗ്ധര്‍ പറയുന്നു. 

ബ്രൗണ്‍, ഗ്രേ നിറങ്ങള്‍ കിടപ്പറയ്ക്ക് അത്ര അഭികാമ്യമല്ല

ഇത്തരത്തില്‍ കിടപ്പറയ്ക്ക് ഏറ്റവും അഭികാമ്യമായ നിറം നീലയാണത്രേ. കടും നീല നിറമല്ല, ഇളം നീലയോ അതിന്റെ ഷെയ്ഡുകളോ ആവാം. മറ്റ് നിറങ്ങളെ അപേക്ഷിച്ച് സുഖകരമായ ഉറക്കത്തിനും ഉണര്‍വ്വിനും ഏറെ നല്ലത് നീലയാണ്. ഹൃദയസ്പന്ദനം 'നോര്‍മല്‍' ആയി സൂക്ഷിക്കാനും അതുവഴി രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കുവാനും ഈ നിറം സഹായിക്കുമത്രേ. 

നീല കഴിഞ്ഞാല്‍ പിന്നെ പച്ചയും മഞ്ഞയുമാണ് രണ്ടാംസ്ഥാനത്ത്. ഇതും ഇളം ഷെയ്ഡുകളില്‍ തന്നെ. ബ്രൗണ്‍, ഗ്രേ നിറങ്ങള്‍ കിടപ്പറയ്ക്ക് അത്ര അഭികാമ്യമല്ല. പര്‍പ്പിള്‍ നിറവും ഒരു പരിധി വരെ നല്ലതുതന്നെ. എന്നാല്‍ കഴിവതും കടും നിറങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. അപ്പോള്‍ ഇനി, കിടപ്പുമുറി പുതുക്കുന്നുണ്ടെങ്കില്‍ മറക്കേണ്ട, സുഖനിദ്രയ്ക്കും സന്തോഷത്തിനും ഇളം നിറങ്ങള്‍ തെരഞ്ഞെടുക്കൂ.