ഫ്‌ളോറിഡ: ക്യാന്‍സര്‍ ബാധിച്ച രണ്ടുവയസ്സുകാരിയായ മകള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ഫ്‌ളോറിഡയില്‍ താമസിക്കുന്ന ഒരു അറബ് കുടുംബം. ശസ്ത്രക്രിയകള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെങ്കിലും അപ്രതീക്ഷിതമായ തിരിച്ചടിയില്‍ തരിച്ചുപോയിരിക്കുകയാണ് ഈ കുടുംബം. 

രണ്ടുവയസ്സുകാരിയായ സൈനബ് മുഗളിന് കുട്ടികളില്‍ കാണുന്ന 'ന്യൂറോബ്ലാസ്‌റ്റോമ' എന്ന ഗുരുതരമായ ക്യാന്‍സറാണ് പിടിപെട്ടിരിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം പഴക്കമുള്ള രോഗം കണ്ടെത്താന്‍ വൈകിയത് തന്നെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് അവിശ്വസനീയമായ മറ്റൊരു തിരിച്ചടി കൂടി ഇവര്‍ നേരിട്ടത്. 

ലോകത്തില്‍ തന്നെ ഏറ്റവും കുറവ് ആളുകള്‍ക്കുള്ള പ്രത്യേകതരം രക്തഗ്രൂപ്പാണത്രേ സൈനബിന്റേത്. രക്തകോശങ്ങളിലെ ചില സവിശേഷതകളാണ് ഇതിന് കാരണം. ഇത്തരക്കാര്‍ക്ക് മറ്റ് രക്തഗ്രൂപ്പുകളില്‍ നിന്ന് രക്തമെടുക്കുമ്പോള്‍ അത് ശരീരം സ്വീകരിക്കുകയില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയായതിനാല്‍ തന്നെ ഈ രക്തഗ്രൂപ്പുള്ളവരുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്ന സംഘടനകളിലൂടെയാണ് ഇത്തരക്കാര്‍ക്ക് ആവശ്യമായ രക്തമെത്തിക്കാറ്.

ഈ രീതിയില്‍ സൈനബിന് രക്തമെത്തിച്ചെങ്കിലും അത് പര്യാപ്തമല്ല. നിലവില്‍ കീമോതെറാപ്പിക്ക് വിധേയയാവുകയാണ് സൈനബ്. ഇനിയും രക്തമേറെ വേണം. ഇതുവരെ നല്‍കിയവരില്‍ നിന്ന് ഇനിയും രക്തമെടുക്കുക സാധ്യമല്ല. അതിനാല്‍ പുതിയ ദാതാവിനെ തിരയുകയാണ് സൈനബിന്റെ കുടുംബവും പ്രിയപ്പെട്ടവരും. 

'വണ്‍ ബ്ലഡ്' എന്ന സംഘടനയുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഇവര്‍ ദാതാവിനായി തിരച്ചില്‍ നടത്തുന്നത്. ആരെങ്കിലും സഹായിച്ചില്ലെങ്കില്‍ ഇനി തന്റെ മകള്‍ ജീവിച്ചിരിക്കില്ലെന്നാണ് സൈനബിന്റെ പിതാവ് റഹീല്‍ മുഗള്‍ പറയുന്നത്. 'വണ്‍ ബ്ലഡ്' തയ്യാറാക്കിയ വീഡിയോ കാണാം...