ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയില്‍ തന്‍റെ കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ തുരത്താന്‍ കര്‍ഷകന്‍ കാണിച്ച സൂത്രപ്പണി വൈറലാകുന്നു. തന്‍റെ വളര്‍ത്ത് നായയെ കടുവയുടെ പെയിന്‍റടിച്ച് നിര്‍ത്തിയാണ് കര്‍ഷകന്‍ ധാന്യം നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാന്‍ വഴി കണ്ടെത്തിയത്.

തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് നായയ്ക്ക് കടവുയുടെ നിറം അടിച്ചത്. കര്‍ണാടകയിലെ ചില ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളിലെ ശല്യക്കാരെ തുരത്താനായി കടുവയുടെ പാവ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അതുപോലെ ഒരു പാവയെ തന്‍റെ കൃഷിയിടത്തും വച്ചു. അപ്പോള്‍ കുരങ്ങന്മാരുടെ ശല്യം കുറഞ്ഞു. ഇതാണ് നായയെ കടുവയുടെ നിറം പൂശാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീകാന്ത് പറയുന്നു.

പ്രതീകാത്മക ചിത്രം

കൃഷിയടത്തിന്‍റെ പലയിടങ്ങളിലായി കടുവയുടെ രൂപത്തിലുള്ള പാവ മാറ്റി വച്ചു നോക്കി. ആ പ്രദേശത്തേക്ക് കുരങ്ങന്മാര്‍ വന്നില്ല. എന്നാല്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ കര്‍ഷകന്‍ തന്‍റെ വളര്‍ത്തുനായക്ക് കടുവയുടെ നിറം കൊടുക്കുകയായിരുന്നു. ഹെയര്‍ ഡൈ ആണ് നിറത്തിനായി ഉപയോഗിച്ചത്. ഒരു മാസം വരെ ഈ നിറം നിലനില്‍ക്കുമെന്ന് ശ്രീകാന്ത് ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്തായാലും നായയ്ക്ക് കടുവയുടെ നിറം പൂശിയതോടെ ധാന്യങ്ങള്‍ നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് ശ്രീകാന്ത് ഗൗഡ പറയുന്നത്.