ഫാഷൻ ലോകത്ത് പുതുമ എപ്പോഴും നിര്‍ബന്ധമാണ്. എന്നാല്‍ പഴമയെ പുതുമ ആക്കിയാലോ? പറഞ്ഞുവരുന്നത് നമ്മുടെ പഴയ ലുങ്കിയെ കുറിച്ചാണ്. പക്ഷേ ലുങ്കി ഇപ്പോള്‍ പഴയ ലുങ്കിയൊന്നുമല്ല. വ്യത്യസ്തമായൊരു സ്റ്റൈലില്‍ ലുങ്കിയെ പുറത്തിറക്കിയിരിക്കുകയാണ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫാഷൻ ബ്രാൻഡായ സാറ.

ഫ്ലോയിങ് സ്കര്‍ട്ട് എന്ന പേരിലാണ് ബ്രാൻഡ് വിപണിയിലിറക്കിയിരിക്കുന്നത്. സംഭവം ലുങ്കിയെന്നൊക്കെ നമ്മള്‍ വിളിക്കുമെങ്കിലും ബ്രൗൺ കളറിൽ ചെക് ഡിസൈനുകളോടു കൂടിയ സ്കർട്ടിന്‍റെ വില ഏതാണ്ട് ആറായിരത്തി അഞ്ഞൂറിനടുത്തു വരും.


മുൻഭാഗത്തു ഞൊറിഞ്ഞുകുത്തിയതു പോലുള്ള ഡിസൈനും സ്ലിറ്റുമെല്ലാം സ്കര്‍ട്ടിനെ വ്യത്യസ്തമാക്കുന്നു. പോളിസ്റ്ററും വിസ്കോസും ചേർന്നു നിർമിച്ച സ്കർട്ട് ഡ്രൈ ക്ലീനിങ് മാത്രമേ ചെയ്യാൻ പാടൂവെന്നും നിർമാതാക്കള്‍ പറയുന്നുണ്ട്.

സ്കർട്ടിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടതോടെ സമൂഹമാധ്യമത്തിലാകെ ട്രോളുകള്‍ക്കും കുറുവൊന്നുമില്ല.
