ആദ്യമായി കണ്ടുമുട്ടുമ്പോള്‍ വിദയും വെര്‍ണയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. അന്ന് തമ്മില്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ജീവിതം എന്താകുമായിരുന്നുവെന്ന് ചോദിച്ചാല്‍ ഇരുവര്‍ക്കും ഉത്തരമില്ല, അത്രമാത്രമാണ് അവര്‍ പരസ്പരം താങ്ങിനിര്‍ത്തുന്നതും സ്‌നേഹിക്കുന്നതും. 

സ്‌കൂള്‍ കാലം കഴിഞ്ഞ് വിദയും വെര്‍ണയും രണ്ടുവഴിക്ക് പിരിഞ്ഞു. അവരവരുടെ താല്‍പര്യത്തിന് അനുസരിച്ച് വിദ്യാഭ്യാസം നേടി. ഇതിനിടെ വിദ അറിയപ്പെടുന്ന മോഡലായി. ഫിലിപ്പീന്‍സില്‍ നടന്ന പല ഫാഷന്‍ മേളകളിലും വെട്ടിത്തിളങ്ങിയ താരമായി. 

12 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. അതായിരുന്നു ഇവരുടെ ജീവിതത്തിലെ വഴിത്തിരിവ്. പിന്നീടങ്ങോട്ട് മുഴുവന്‍ സമയയാത്രകളായിരുന്നു. പിരിയാന്‍ വയ്യാത്ത തരത്തില്‍ എന്തോ ഒരു കണ്ണി തങ്ങള്‍ക്കിടയിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞതും ഈ യാത്രകള്‍ക്കിടെയായിരുന്നു. 

അങ്ങനെ ഒരു യാത്രയ്ക്കിടയില്‍ വച്ച് തന്നെ അവര്‍ ആ ഇഷ്ടം പരസ്പരം പറഞ്ഞു. തായ്‌ലാന്‍ഡിലെ അയുത്തയ്യയില്‍ ബുദ്ധന്റെ ഭീമന്‍ പ്രതിമയ്ക്ക് അരികിലിരുന്ന് വെര്‍ണ വിദയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. 

'ഒരേ ലിംഗത്തില്‍ പെട്ട രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുന്നുവെന്നതിലെ ആനന്ദമല്ല യഥാര്‍ത്ഥത്തില്‍ ഞങ്ങളെ ഒരുമിപ്പിച്ചത്. ആരുടെ കൂടെയായിരിക്കുമ്പോഴാണ് ഏറ്റവും സന്തോഷിക്കുന്നത്, അയാളോടൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷിക്കാനുള്ള തീരുമാനമായിരുന്നു അത്..'- വിദ പറയുന്നു. 

വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും അവരന്നേ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്വവര്‍ഗരതിയെ കുറ്റമായി കാണുന്ന ഒരു സമൂഹത്തിന് മുമ്പില്‍ നിന്ന് ഇക്കാര്യം എങ്ങനെ തുറന്നുപറയണമെന്നറിയാതെ കുഴഞ്ഞു. എങ്കിലും എന്ത് സംഭവിച്ചാലും 2020ല്‍ വിവാഹിതരാകാമെന്ന് ഉറപ്പിച്ചു. 

ഇതിനിടെ ഇരുവരുടെയും പ്രണയബന്ധം വിദയുടെ ഫാഷന്‍ ഇന്‍ഡസ്ട്രിയിലും രണ്ടുപേരുടെ നാട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലുമെല്ലാം സംസാരവിഷയമായി. വിമര്‍ശനങ്ങളും കുത്തുവാക്കുകളുമായിരുന്നു പിന്നീടങ്ങോട്ട്. അതിനെയെല്ലാം തരണം ചെയ്ത് കാത്തിരിപ്പ് തുടരാതെ അവര്‍ ഉടന്‍ വിവാഹിതരായി. 

'നമ്മള്‍ കരുതും, ഇത്തരം കാര്യങ്ങളൊന്നും പെട്ടെന്ന് ആലോചിക്കാതെ പുറത്തുപറയരുത്. അതിനൊരു സമയമുണ്ട് എന്നെല്ലാം... അങ്ങനെയില്ല. നമ്മള്‍ നമ്മളെത്തന്നെ സ്വയം തിരിച്ചറിയുന്ന ഒരു ഘട്ടമുണ്ട്. അത് കടന്നുകഴിഞ്ഞാല്‍ പിന്നെ അതായിത്തന്നെ അഭിമാനപൂര്‍വ്വം ജീവിക്കുക. പലരുടെ വാക്കുകളും പെരുമാറ്റങ്ങളുമൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സന്തോഷം തോന്നുന്നു..'- വിദ പറയുന്നു. 

വിവാഹത്തിലൂടെ തങ്ങളുടെ ബന്ധം സധൈര്യം സ്ഥാപിച്ചെടുത്തതോടെ വിദയും വെര്‍ണയും അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയ 'ലെസ്ബിയന്‍ കപ്പിള്‍' ആയി മാറിയിരിക്കുകയാണ്. വിവാഹം ഒരു പരിധി വരെ തങ്ങള്‍ക്ക് സാമൂഹികമായ ഒരു അംഗീകാരം നല്‍കിയെന്ന് തന്നെയാണ് ഇവര്‍ പറയുന്നത്.