വെളിച്ചവും ബഹളവുമെല്ലാം മൈഗ്രേന് കാരണമായേക്കാംവേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ ചില നാടന്‍ രീതികള്‍

സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സ്ഥിരമായി മരുന്ന് കഴിച്ചാണ് പലരും മൈഗ്രേന്‍ നിയന്ത്രിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടുമാകാം ഇത് വരുന്നത്. ബഹളമോ, കടുത്ത വെളിച്ചമോ, രൂക്ഷമായ ഗന്ധങ്ങളോ ഒക്കെ ഇതിന് കാരണമാകും. മൈഗ്രേനെ ചെറുക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാന്‍ കഴിയുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. 

ഒന്ന്...

മധുരമില്ലാത്ത മുന്തിരി ജ്യൂസ് കഴിക്കുക. അല്‍പം വെള്ളത്തില്‍ മുന്തിരിയിട്ട് മധുരം ചേര്‍ക്കാതെ ജ്യൂസടിച്ച് ഒരു ദിവസത്തില്‍ തന്നെ രണ്ട് തവണ കഴിക്കുക. വിറ്റാമിന്‍ എ-സി, ഡയേറ്ററി ഫൈബറുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നതിന് പുറമേ ഒരു ആന്റി ഓക്‌സിഡന്റ് സിട്രസ് ഫ്രൂട്ട് കൂടിയാണ് മുന്തിരി. 

രണ്ട്...

ഇഞ്ചിയാണ് മറ്റൊരു മരുന്ന്. അല്‍പം നാരങ്ങ ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതേ അരച്ച് കഴിക്കുകയോ ഒക്കെയാകാം. 

മൂന്ന്...

കറുകപ്പട്ട അരച്ച് വെള്ളത്തില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുന്നതും മൈഗ്രേന്‍ ചെറുക്കാന്‍ ഒരു നല്ല മാര്‍ഗ്ഗമാണ്. നെറ്റിയിലോ, നെറ്റിക്കും ചെവിക്കുമിടയ്‌ക്കോ പുരട്ടി അര മണിക്കൂറിന് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. 

നാല്...

ഒരല്‍പം കടും കാപ്പി ചൂടോടെ കഴിക്കുന്നത് വേദനയ്ക്ക് അല്‍പം ആശ്വാസം പകരും. എന്നാല്‍ കാപ്പി സ്ഥിരമായി കഴിക്കുന്നവരില്‍ ഇത് വലിയ മാറ്റമുണ്ടാക്കില്ല. മാത്രമല്ല കാപ്പിയോട് 'അഡിക്ഷന്‍' ഉള്ളവരാണെങ്കില്‍ ഒരുപക്ഷേ വേദന അമിതമാകാനും സാധ്യതയുണ്ട്. 

അഞ്ച്...

അമിതമായ വെളിച്ചത്തില്‍ ഇരിക്കാതിരിക്കുക. ഇത് കൂടുതല്‍ വേദനയും അസ്വസ്ഥതയും ഉണ്ടാക്കിയേക്കാം. വീട്ടിനകത്താണെങ്കില്‍ ലൈറ്റ് ഓഫാക്കാം. പുറത്താണെങ്കില്‍ സണ്‍ ഗ്ലാസ് ഉപയോഗിച്ച് വെളിച്ചത്തില്‍ നിന്ന് രക്ഷ നേടാം. 

ആറ്...

കഴുത്ത് സ്‌ട്രെച്ച് ചെയ്ത ശേഷം തലയോട്ടിയില്‍ വിരലുകള്‍ അമര്‍ത്തി മസാജ് ചെയ്യുക. മസാജ് ചെയ്യുന്നതോടെ രക്തയോട്ടം വര്‍ധിക്കും. ഇതും വേദന കുറയ്ക്കാന്‍ സഹായകമാകും.