അവിയലും അച്ചാറും കൂട്ടുകറിയും തോരനുമൊക്കെ സദ്യക്ക് ഒഴിച്ചുകൂട്ടാനാവാത്ത വിഭവങ്ങളാണ്. ഈ വിഭവങ്ങളെല്ലാം മത്സ്യം കൊണ്ടുണ്ടാക്കിയാലോ? മലപ്പുറം ചേളാരിക്കടുത്ത് ഒരു ഹോട്ടലിലാണ് ആഴ്ച്ചയില്‍ രണ്ടു ദിവസം മത്സ്യസദ്യ തയ്യാറാക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലക്കടുത്തുള്ള ലീക്കാഞ്ചീസ് ഹോട്ടലിലിലെ വെള്ളി, ശനി ദിവസങ്ങളിലെ കാഴ്ച്ചയാണ് ഇത്. ഈ രണ്ടു ദിവസങ്ങളിലും വിപണിയിലെ ഒട്ടുമിക്ക മീനുകളും ഈ ഹോട്ടലിലുണ്ടാകും. കടല്‍ മത്സ്യം മാത്രമല്ല പുഴയില്‍ നിന്നും കായലില്‍ നിന്നും പിടിച്ചടതക്കം ഹോട്ടലിലെത്തും. മത്സ്യസദ്യയാണ് ഇവിടുത്ത പ്രധാനപെട്ട ഭക്ഷണം. ചോറും പപ്പടവും പായസവുമൊഴികെയെല്ലാം സദ്യയിലെ മറ്റ് വിഭവങ്ങളെല്ലാം മത്സ്യമാണ്. അച്ചാര്‍, തോരന്‍, കൂട്ടുകറി, ചമ്മന്തി, അവിയല്‍, കിച്ചടി എന്നിങ്ങനെയെല്ലാം മത്സ്യമയം. വിവിധ ഇനം മത്സ്യങ്ങളാണ് മീന്‍അവിയലിന്റെ കൂട്ട്. പൊരിച്ച മീനിന് പുറമേ തേങ്ങയരച്ചതും അല്ലാതെയുമുള്ള വിവിധ ഇനം കറികളിലും മുഖ്യന്‍ മീന്‍ തന്നെ. ചെമ്മീന്‍, നെയ്മീന്‍, ഞണ്ട് മുതല്‍ അയലയും മത്തിയും വരെയുള്ള എല്ലാ മത്സ്യങ്ങളും സദ്യയിലുണ്ട്. 190 രൂപക്കാണ് മത്സ്യസദ്യ.

ഹോട്ടല്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും മത്സ്യസദ്യ തുടങ്ങിയത് അടുത്തിടെയാണ്. മത്സ്യപെരുമ പുറം ലോകമറിഞ്ഞതോടെ വെള്ളിയും ശനിയും ഇവിടെ ഉച്ചയൂണിന് കസേരക്കായി കാത്തുനില്‍പ്പാണ്.