മുട്ടയെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ കാര്യങ്ങളും അവയുടെ ശരിയായ വസ്തുതകളും എന്താണെന്ന് നോക്കാം
പോഷകാഹാരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനമാണ് മുട്ടയ്‌ക്ക് ഉള്ളത്. പാല്‍ പോലെ ഒരു സമീകൃതാഹാരമായി മുട്ടയെയും കണക്കാക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയ ഭക്ഷ്യവസ്‌തുവാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ടയെക്കുറിച്ച് ശരിയായതും തെറ്റായതുമായ കാര്യങ്ങള്‍ പ്രചാരത്തിലുണ്ട്. മുട്ടയെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ കാര്യങ്ങളും അവയുടെ ശരിയായ വസ്തുതകളും എന്താണെന്ന് നോക്കാം.
1. മുട്ട കൊളസ്‌ട്രോള്‍ നില കൂട്ടും
ശരിയായ കാര്യം- പ്രോട്ടീന്റെ കലവറയാണ് മുട്ട. അതുകൊണ്ടുതന്നെ ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണിത്. എന്നാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ദിക്കാന്‍ കാരണമാകുമെന്നതിനാല്‍ മുട്ട ഉപയോഗിക്കാത്തവര്‍ ഏറെയാണ്. മുട്ടയുടെ മഞ്ഞക്കരുവിലാണ് ചീത്ത കൊഴുപ്പും ട്രാന്‍സ് ഫാറ്റും അമിതമായി ഉള്ളത്. മുട്ടയുടെ വെള്ളക്കരു കഴിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. ദിവസവും രണ്ടു വെള്ളക്കരു വീതം കഴിച്ചാല്‍, ഒരാള്‍ക്ക് ആവശ്യമുള്ള പ്രോട്ടീന്‍ അതില്‍നിന്ന് ലഭിക്കും.
2. മുട്ട ഉപയോഗിക്കുന്നതിന് മുമ്പ് കഴുകിയാല്‍ അതിന് പുറത്തുള്ള സാല്‍മോണല്ല ബാക്‌ടീരിയയെ ഇല്ലാതാക്കാം
ശരിയായ വസ്‌തുത- സാല്‍മോണല്ല ബാക്‌ടീരിയ ഉണ്ടെങ്കില്‍ത്തന്നെ അത് കാണപ്പെടുന്നത് മുട്ടയ്‌ക്ക് ഉള്ളിലാണ്. പുറത്തോ തോടിന്റെ പുറത്തോ അല്ല. അതിനാല്‍ മുട്ട കഴുകിയാല്‍ ബാക്‌ടീരിയയെ ഇല്ലാതാക്കാനാകില്ല.
3. ഒരു ദിവസം ഒന്നിലധികം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
ശരിയായ വസ്‌തുത- ഒരു ദിവസം മൂന്ന് മുട്ടവരെ കഴിക്കുന്നതുകൊണ്ട് ആരോഗ്യം നന്നായി നിലനിര്‍ത്തപ്പെടും. മുട്ടയുടെ വെള്ളക്കരു മാത്രമാണ് കഴിക്കുന്നതെങ്കില്‍ അതായാരിക്കും ഉത്തമം. എന്നാല്‍ വളര്‍ച്ച ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് മഞ്ഞക്കരു കൂടി നല്‍കാവുന്നതാണ്.
4. വെള്ളമുട്ടയാണോ തവിട്ടുനിറത്തിലുള്ള മുട്ടയാണോ നല്ലത്
ശരിയായ വസ്‌തുത- മുട്ടയുടെ തോടിന്റെ നിറത്തിലുള്ള വ്യത്യാസം പോഷകാംശങ്ങളുടെ കാര്യത്തിലില്ല. മുട്ടയുടെ തോട് വെള്ളയായാലും തവിട്ട്നിറമായാലും, അതിനുള്ളിലെ പോഷകഗുണത്തിന് യാതൊരുവിധ വ്യത്യാസവുമില്ല.
5. മുട്ട കഴിച്ചശേഷം പാല്‍ കുടിക്കാന്‍ പാടില്ല
ശരിയായ വസ്‌തുത- മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ദഹനക്കേടും ഗ്യാസ്‌ട്രബിളും ഉണ്ടാകുമെന്നാണ് ചില ആയുര്‍വേദ വൈദ്യന്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് ന്യൂട്രീഷ്യന്‍മാര്‍ പറയുന്നത്. മുട്ടയില്‍ ധാരാളം മാംസ്യവും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. പാലില്‍ മാംസ്യത്തിന് പുറമെ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് ആവശ്യമായ അളവിലുള്ള പോഷകം ലഭിക്കാന്‍ സഹായകരമാണ്. എന്നാല്‍ പാകം ചെയ്യാത്ത മുട്ട(പച്ച മുട്ട) പാലിനൊപ്പം കഴിക്കുന്നത്, ബാക്‌ടീരിയ അണുബാധയോ, ഭക്ഷ്യവിഷബാധയോ ഉണ്ടാകാന്‍ കാരണമാകും.
