1, ഹൃദയാഘാതം, കേള്‍വിക്കുറവ്, ആസ്‌ത്മ-
അപ്രതീക്ഷിതമായി പെട്ടെന്നുള്ള പടക്ക ശബ്ദം കേട്ടാല്‍ ഹൃദയാഘാതം സംഭവിക്കാന്‍ വരെ ഇടയാകും. സ്ഥിരമായ പടക്കം പൊട്ടിക്കല്‍ കാരണം ഹൃദയാഘാതം 30 ശതമാനം വരെ ഉയര്‍ന്നതായാണ് ലോകാരോഗ്യസംഘടന നടത്തിയ പഠനത്തില്‍ വ്യക്തമായത്. 70 ഡെസിബെലിന് മുകളിലുള്ള ശബ്ദം ഹൃദയാഘാതം മാത്രമല്ല, സ്‌ട്രോക്ക്, കേള്‍വിക്കുറവ്, ആസ്‌ത്മ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാക്കും.
2, വളര്‍ത്തുമൃഗങ്ങള്‍ക്കും ഹാനികരം-
ഉയര്‍ന്ന ശബ്‌ദത്തിലുള്ള പടക്കം പൊട്ടിക്കല്‍ വളര്‍ത്തുമൃഗങ്ങളെയും സാരമായി ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളില്‍ വലിയതോതിലുള്ള ഭയം ഉളവാകാന്‍ ഇത് കാരണമാകും.
3, പടക്കത്തില്‍ ഗുരുതരമായ രാസവസ്‌തുക്കള്‍-
ദീപാവലി, വിഷു സീസണുകളില്‍ പുറത്തിറക്കുന്ന വിവിധ ശബ്ദത്തിലും വര്‍ണത്തിലുള്ള പടക്കങ്ങളിലും മറ്റും വിവിധ രാസവസ്‌തുക്കള്‍ ചേര്‍ത്തിട്ടുണ്ട്. ശരീരത്തിന് പലരീതിയില്‍ ഹാനികരമായേക്കാവുന്ന ലെഡ്, ചാര്‍ക്കോള്‍, മഗ്നീഷ്യം, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ ഡയോക്‌സൈഡ്, സ്‌ട്രോണ്‍ഷ്യം, കോപ്പര്‍ ബാറിയം ഗ്രീന്‍, സോഡിയം യെല്ലോ, ടൈറ്റാനിയം എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇവയുടെയൊക്കെ പുക ശ്വസിച്ചാല്‍ ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകും. കൂടാതെ, ഗര്‍ഭിണികള്‍ ഇത് ശ്വസിക്കുന്നതും, അമിതശബ്ദം കേള്‍ക്കുന്നതും കുഞ്ഞിന്റെ ആരോഗ്യത്തിന് ഹാനികമരാണ്.
4, ബധിരത-
പടക്കം പൊട്ടിക്കല്‍ അമിതമായാല്‍, അത് ചിലരിലെങ്കിലും കേള്‍വിക്കുറവിനും ചിലപ്പോള്‍ ബധിരതയ്‌ക്കും കാരണമാകും. ദീപാവലി, വിഷു ദിവസങ്ങളില്‍ പടക്കങ്ങളുടെ ശബ്ദം 100-120 ഡെസിബെലിന് മുകളിലാകാന്‍ സാധ്യതയുണ്ട്. ഇത്രയും ഉയര്‍ന്ന ശബ്ദം തുടര്‍ച്ചയായി കേട്ടാല്‍ ബധിരത ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
5, അപകടം-
പടക്കം പൊട്ടിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ വര്‍ഷംതോറും കൂടി വരുന്നതായാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗുരുതരമായ പൊള്ളലുകള്‍ പടക്കംപൊട്ടിക്കല്‍ മൂലം ഉണ്ടാകുന്നു. കഴിഞ്ഞ വര്‍ഷം വിഷു, ദീപാവലി ദിവസങ്ങളിലായി മാത്രം അഞ്ഞൂറോളം പൊള്ളല്‍ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
