ചില കുട്ടികളാണെങ്കില്‍ മൊബൈല്‍ ഫോണുകള്‍ക്ക് അടിപ്പെട്ട രീതിയില്‍ പെരുമാറുന്നത് കാണാം. മണിക്കൂറുകളാണ് ഫോണില്‍ ഇവര്‍ ചെലവഴിക്കുന്നത്. അത്തരത്തില്‍ കുഞ്ഞുങ്ങള്‍ അടിമകളായി മാറിയാല്‍ പിന്നീട് അവരെ അതില്‍ നിന്ന് മോചിപ്പിക്കല്‍ എളുപ്പമല്ല

തിരക്കുപിടിച്ച നമ്മുടെ ജീവിതരീതികള്‍ ഏറ്റവുമധികം ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. അവര്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല. ഒറ്റപ്പെടുന്ന സമയങ്ങള്‍ അങ്ങനെ അവര്‍ മൊബൈല്‍ ഫോണുകള്‍ക്കൊപ്പം ചെലവിടുന്നു. ശല്യം ഒഴിവാക്കാന്‍ എന്തെങ്കിലുമാകട്ടെയെന്ന് മാതാപിതാക്കളും ചിന്തിക്കുന്നു. എന്നാല്‍ ഈ രീതികള്‍ ക്രമേണ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെയും ബാധിക്കുന്നു. 

മാതാപിതാക്കളുടെ ശിക്ഷണത്തിലും സ്‌നേഹത്തിലും കരുതലിലും കുഞ്ഞ് വളരുമ്പോള്‍ സമൂഹത്തിന് ഒരു നല്ല വ്യക്തിയെ ആണ് ലഭിക്കുന്നത് മറിച്ചാണെങ്കില്‍, അത് കുടുംബത്തിന് മാത്രമല്ല ബാധ്യതയാകുന്നത്. അപ്പോള്‍ ഇനിയും കുഞ്ഞുങ്ങളെ മൊബൈല്‍ ഫോണുകള്‍ക്ക് വിട്ടുകൊടുക്കണോയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. 

ചില കുട്ടികളാണെങ്കില്‍ മൊബൈല്‍ ഫോണുകള്‍ക്ക് അടിപ്പെട്ട രീതിയില്‍ പെരുമാറുന്നത് കാണാം. മണിക്കൂറുകളാണ് ഫോണില്‍ ഇവര്‍ ചെലവഴിക്കുന്നത്. അത്തരത്തില്‍ കുഞ്ഞുങ്ങള്‍ അടിമകളായി മാറിയാല്‍ പിന്നീട് അവരെ അതില്‍ നിന്ന് മോചിപ്പിക്കല്‍ എളുപ്പമല്ല. അതിനാല്‍ ചെറുതായിരിക്കുമ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുക. ഒഴിവുസമയങ്ങള്‍ ഫലപ്രദമായ രീതിയില്‍ അവര്‍ക്കൊപ്പം ചിലവിടാം. ഉപദേശിച്ച് മുഷിപ്പിക്കാതെ തന്നെ അവരെ നേര്‍വഴിയിലേക്ക് നയിക്കാം. ഇതിന് ആശ്രയിക്കാവുന്ന അഞ്ച് വഴികള്‍...

ഒന്ന്...

മിക്ക കുടുംബങ്ങളിലും കുഞ്ഞുങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുക അമ്മയ്ക്കായിരിക്കും. ഈ അവസരം അമ്മമാര്‍ പരമാവധി മുതലെടുക്കണം. അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ കുഞ്ഞിനെ മൊബൈല്‍ഫോണും നല്‍കി മാറ്റിയിരുത്താതെ അവരെ ചെറിയ ജോലികള്‍ നല്‍കി കൂടെ നിര്‍ത്താം. തനിക്കും ഇവിടെ റോളുണ്ട് എന്ന് തോന്നിയാല്‍ മാത്രമേ കുഞ്ഞ് അടുക്കളയില്‍ അമ്മയോടൊപ്പം നില്‍ക്കൂ. അത്തരത്തില്‍ തന്നെ കുഞ്ഞിന് പ്രാധാന്യം നല്‍കാം. 

ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കില്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വീട്ടിലെ ജോലികളും മറ്റ് വീട്ടുകാര്യങ്ങളും അവര്‍ അറിഞ്ഞുതന്നെ മുന്നോട്ടുവരട്ടെ. 

രണ്ട്...

ഭക്ഷണത്തോളം തന്നെ പ്രധാനമാണ് കായികമായ പ്രവര്‍ത്തനങ്ങളും. ഒഴിവുസമയങ്ങളില്‍ ഫോണിനൊപ്പം കളയാതെ കായികമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുട്ടികളെ സജ്ജരാക്കാം. ഇതിന് അവരെ തനിയെ തള്ളിവിടാതെ മാതാപിതാക്കള്‍ക്കും കൂട്ട് നല്‍കാം. വൈകുന്നേരങ്ങളില്‍ അവരോടൊപ്പം ഫുട്‌ബോളോ, ക്രിക്കറ്റോ, ഷട്ടിലോ കളിക്കാം. സ്‌കൂളിലേക്കുള്ള യാത്ര കഴിയുമെങ്കില്‍ നടന്നിട്ടാക്കാം. അത്രയും സമയം കുഞ്ഞുമായി സരസമായ സംഭാഷണങ്ങളിലുമേര്‍പ്പെടാം. ഈ നടത്തം ശീലമായാല്‍ കുഞ്ഞ് പിന്നീട് തനിയെ പോകാനും മടി കാണിക്കില്ല. 

മൂന്ന്...

പരിസ്ഥിതിയുമായും ചുറ്റുപാടുകളുമായും അടുത്തിടപഴകാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് പമാവധിയുണ്ടാക്കി നല്‍കുക. ജീവിക്കുന്ന നാടിന്റെ പ്രകൃതിയും, സംസ്‌കാരവും, കൃഷിയും മറ്റും കുട്ടികള്‍ അറിയട്ടെ. ആ നാട്ടറിവുകള്‍ തീര്‍ച്ചയായും അവരുടെ വ്യക്തിത്വത്തെയും സ്വാധീനിക്കുന്നു. 

കഴിയുമെങ്കില്‍ കുട്ടിക്ക് സ്വന്തമായി ഒരു തോട്ടം നിര്‍മ്മിച്ചുനല്‍കുക. ഒഴിവുസമയങ്ങള്‍ ചെടികളെയും മരങ്ങളെയും പരിപാലിക്കുന്നത് കുട്ടിക്ക് മാനസികവും ശാരീരികവുമായ ഗുണങ്ങള്‍ പ്രദാനം ചെയ്യും. 

നാല്... 

ഫോണില്‍ കൂടുതല്‍ സമയം ചെലവിടുന്ന കുട്ടികള്‍ ഭക്ഷണകാര്യങ്ങളില്‍ ഒട്ടും ശ്രദ്ധ പുലര്‍ത്താറില്ല. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് സ്‌നാക്‌സുകളും പലഹാരങ്ങളും തന്നെയായിരിക്കും അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍. ഇന്റര്‍നെറ്റില്‍ കാണുന്ന പരസ്യങ്ങളും ഇതിന് ഒരുതരത്തില്‍ കാരണമാകുന്നു. ഇത്തരം ഉത്പന്നങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ? മിക്കവാറും ഇതെല്ലാം ശീലങ്ങളുടെ ഭാഗമാണ്. അതിനാല്‍ ഇത്തരം ദുശ്ശീലങ്ങള്‍ ആദ്യമേ ഒഴിവാക്കുക. കഴിയുന്നതും വീട്ടില്‍ തന്നെയുണ്ടാക്കുന്ന പലഹാരങ്ങളും, മധുരപലഹാരങ്ങളും മാത്രം കുഞ്ഞിന് നല്‍കുക. 

ജൈവികമായ ഭക്ഷണം കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ആക്കപ്പെടുത്തുകയും ചെയ്യുന്നു. മാര്‍ക്കറ്റ് ഉത്പന്നങ്ങള്‍ മനുഷ്യരെ നശിപ്പിക്കും വിധത്തില്‍ മായം കലര്‍ന്നവയാണെന്ന് അവര്‍ക്ക് മനസ്സിലാകും വിധത്തില്‍ പറഞ്ഞുകൊടുക്കുക. കൂട്ടത്തില്‍ ഇത്തരം സാധനങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുകയും അരുത്. തനിക്ക് മാത്രം നിഷേധിക്കപ്പെടുമ്പോള്‍ കുഞ്ഞിന്, നിഷേധിക്കപ്പെടുന്നതിനോട് അമിത താല്‍പര്യം ഉണ്ടാക്കാന്‍ ഇടയാകും. 

അഞ്ച്...

കുഞ്ഞുങ്ങളോട് എപ്പോഴും ആശയവിനിമയം നടത്താന്‍ ശ്രമിക്കുക. സഹോദരങ്ങളുമായി നല്ല രീതിയിലുള്ള ബന്ധം സ്ഥാപിക്കാനും അവരെ പ്രേരിപ്പിക്കുക. യഥാര്‍ത്ഥ ജീവിതത്തിലെ ഒറ്റപ്പെടല്‍ ഒരുപക്ഷേ കുട്ടികളെ വെര്‍ച്വല്‍ ലോകത്തേക്ക് കൂടുതല്‍ അടുപ്പിച്ചേക്കാം. ഒപ്പം ഓര്‍ക്കുക, എത്ര വളര്‍ന്നാലും എവിടെയെത്തിയാലും ചെറുപ്പത്തില്‍ പരിശീലിച്ച ഭാഷ ഒരു വ്യക്തിയെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിക്കും. അതിനാല്‍ തന്നെ നല്ല ഭാഷയില്‍ കുഞ്ഞുങ്ങളോട് സംസാരിക്കുക. തിരിച്ചും അവരെ അതുപോലെ തന്നെ ഇടപെടാന്‍ പരിശീലിപ്പിക്കുക.