Asianet News MalayalamAsianet News Malayalam

വേദനകള്‍ മറന്ന് കീഴടക്കിയത് ഉയരങ്ങളുടെ ലോകം; അരുണിമയ്ക്ക് ഇതാ പുതിയൊരംഗീകാരം കൂടി

നാഷണല്‍ വോളിബോള്‍ താരമായ അരുണിമ ട്രെയിന്‍ യാത്രയ്ക്കിടെയാണ് അപകടത്തില്‍ പെട്ടത്. അതൊരു വെറും അപകടമായിരുന്നില്ല. യാത്രയ്ക്കിടെ നടന്ന കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെയാണ് അരുണിമ പാളത്തിലേക്ക് വീണത്

foreign university honoured arunima sinha the first indian amputee who conquered everest
Author
London, First Published Nov 9, 2018, 2:14 PM IST

ലണ്ടണ്‍: അപ്രതീക്ഷിതമായി ഒരു ദിവസം ജീവിതം നിന്നുപോയപ്പോള്‍ അരുണിമ സിന്‍ഹ പകച്ചില്ല. പകരം കിടക്കയില്‍ നിലച്ചുപോയ ജീവിതത്തോട് പൊരുതി. അരുണിമയുടെ പോരാട്ടം ആയിരങ്ങള്‍ക്ക് പ്രചോദനമാവുകയാണിപ്പോള്‍. 

2011ല്‍ ഉത്തര്‍പ്രദേശില്‍ വച്ചാണ് ആ ദുരന്തമുണ്ടായത്. നാഷണല്‍ വോളിബോള്‍ താരമായ അരുണിമ ട്രെയിന്‍ യാത്രയ്ക്കിടെയാണ് അപകടത്തില്‍ പെട്ടത്. അതൊരു വെറും അപകടമായിരുന്നില്ല. യാത്രയ്ക്കിടെ നടന്ന കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെയാണ് അരുണിമ പാളത്തിലേക്ക് വീണത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് കീഴില്‍ അരുണിമയുടെ ഇടതുകാല്‍ പെട്ടു. പൂര്‍ണ്ണമായും തകര്‍ന്ന കാല്‍ പിന്നീട് മുറിച്ചുമാറ്റാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. 

ചലനമറ്റ് കിടപ്പിലായപ്പോള്‍ തളര്‍ന്നുപോയ മനസിനെ ഒരുപാട് നാളത്തെ ചിന്തകള്‍ക്ക് ശേഷം അരുണിമ സ്വയം കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. ആരെയും അതിശയപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള അരുണിയമുടെ മുന്നേറ്റങ്ങള്‍. 

foreign university honoured arunima sinha the first indian amputee who conquered everest

മുറിവുകള്‍ ഭേദമായി കൃതൃമക്കാല്‍ പിടിപ്പിച്ച ശേഷം അരുണിമ നേരെ പോയത് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായ ബഛേന്ദ്രി പാലിന്റെ അടുത്തേക്കായിരുന്നു. എവറസ്റ്റ് കീഴടക്കണമെന്ന അരുണിമയുടെ ആഗ്രഹം കേട്ടയുടന്‍ തന്നെ ബഛേന്ദ്രി പാല്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. എങ്ങനെയും അരുണിമയെ അവിടെയെത്തിക്കുമെന്ന്. 

ആവശ്യമായ പരിശീലനങ്ങളും നിര്‍ദേശങ്ങളുമായി കഷ്ടി രണ്ടുവര്‍ഷം കടന്നുപോയി. 2013ല്‍ എല്ലാ വേദനകളും മറന്ന് തന്റെ ഇരുപത്തിയാറാം വയസ്സില്‍ അരുണിമ ലോകത്തിന്റെ കൊടുമുടി കീഴടക്കി. എവറസ്റ്റ് മാത്രമല്ല, ആഫ്രിക്കയിലെ കിളിമാഞ്ചാരോ അടക്കം നിരവധി കൊടുമുടികള്‍ അരുണിമയുടെ കൃതൃമക്കാലടികള്‍ക്ക് കീഴടങ്ങിക്കൊടുത്തു. 

അംഗീകാരങ്ങളുടെയും കരഘോഷങ്ങളുടെയും കാലമായിരുന്നു പിന്നീടങ്ങോട്ട് അരുണിമയ്ക്ക്. 'ബോണ്‍ എഗെയ്ന്‍ ഓണ്‍ ദ മൗണ്ടന്‍' എന്ന അരുണിമയുടെ പുസ്തകവും ഏറെ ലോകശ്രദ്ധ നേടി. യുവാക്കള്‍ക്ക് പ്രചോദനം നല്‍കാന്‍ അരുണിമയോളം കഴിവുറ്റ മറ്റൊരാളില്ലെന്ന് മനസ്സിലാക്കിയവരൊക്കെ അരുണിയെ സംസാരിക്കാന്‍ ക്ഷണിച്ചു. 

foreign university honoured arunima sinha the first indian amputee who conquered everest

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന വിദ്യാലയം നടത്തിവരികയാണ് അരുണിമയിപ്പോള്‍. 2015ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച അരുണിമയെ തേടി വിദേശത്ത് നിന്ന് പുതിയൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ലണ്ടണിലെ 'സ്ട്രാത് ക്ലൈഡ്' യൂണിവേഴ്‌സിറ്റിയാണ് അരുണിമയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരിക്കുന്നത്. 

അംഗീകാരത്തില്‍ താന്‍ സന്തുഷ്ടയാണെന്നും ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള യുവതയ്ക്ക് ഇതൊരു പ്രചോദനമാകട്ടെയെന്നും അരുണിമ പ്രതികരിച്ചു. ആര്‍ക്കും മാതൃകയാക്കാവുന്നതാണ് അരുണിയുടെ ജീവിതമെന്നും ഇത്തരത്തിലൊരു ആദരം അരുണിമയ്ക്ക് നല്‍കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായ പ്രൊ. ജിം മെക്‌ഡൊണാള്‍ഡും പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios