തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിൽ കേരളീയ വേഷത്തിലെത്തി ഫ്രഞ്ച്  സ്വദേശികളുടെ വിവാഹം.  ഇന്ത്യന്‍ സംസ്കാരവും ആചാരങ്ങളും പഠിച്ച് തല്‍പരരായ ഫ്രഞ്ചുകാരായ ഫ്രാങ്കും നതാലിയയുമാണ് ക്ഷേത്രാചാര പ്രകാരം വിവാഹ ചടങ്ങുകള്‍ നടത്തി ഒരുമിച്ചുള്ള യാത്ര ആരംഭിച്ചത്.

കേരളത്തിലെത്തിയ ഫ്രഞ്ചു ദമ്പതികൾ ഇന്ത്യൻ ആചാരപ്രകാരം വിവാഹിതരാകണമെന്ന ആഗ്രഹം തങ്ങളുടെ ഇന്ത്യൻ സുഹൃത്തായ ഷീബാ പീറ്ററിനെയാണ് ആദ്യം അറിയിച്ചത്. ഷീബ  ആഴിമല  ക്ഷേത്രം ഭാരവാഹികളുമായി ബന്ധപ്പെട്ട് വിവാഹത്തിനുള്ള സൌകര്യമൊരുക്കി. 

തുടർന്ന് ഇന്നലെ രാവിലെ 10.30 ന്  കേരളീയ വേഷത്തിലെത്തിയ  ദമ്പതികൾ മേൽശാന്തി ജ്യോതിഷ് പോറ്റിയുടെ കാർമികത്വത്തിൽ വരണമാല്യം ചാർത്തി  വിവാഹിതരായി. വിവാഹവും വിദേശ ദമ്പതികളുടെ വസ്ത്രധാരണവുമെല്ലാം നാട്ടുകാര്‍ക്ക് കൗതുകമായി.