പൊതുവെ മാംസാഹാരപ്രിയര്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് പൊരിച്ച ചിക്കന്‍. എന്നാല്‍ സ്ഥിരമായും അമിതമായും പൊരിച്ച ചിക്കന്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഉറപ്പായും അല്ല. ഇപ്പോഴിതാ, പൊരിച്ച ചിക്കന്‍ കഴിക്കുന്നവരെ നിരാശപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി. ആന്റി ബയോട്ടിക് ഉപയോഗിച്ചിട്ടും അണുബാധ വിട്ടുമാറാത്തത് പൊരിച്ച ചിക്കന്‍ അമിതമായി കഴിക്കുന്നതുകൊണ്ടാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ചിക്കനില്‍ അടങ്ങിയിട്ടുള്ള സൂപ്പര്‍ബഗ് വിഭാഗത്തില്‍പ്പെട്ട ബാക്‌ടീരിയകളാണ്, ആന്റി ബയോട്ടിക്കിനെ നിഷ്‌പ്രഭമാക്കുന്നതെന്ന് പഞ്ചാബില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. വന്‍തോതില്‍ ചിക്കന്‍ ഉല്‍പാദിപ്പിക്കുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമായി നല്‍കുന്ന ഹോര്‍മോണുകളാണ് ഇവിടെ വില്ലനാകുന്നത്. അതുകൊണ്ടുതന്നെ, വൈദ്യശാസ്‌ത്രത്തിലെ അത്ഭുത കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ആന്റി-ബയോട്ടിക്കുകള്‍ ഇപ്പോള്‍ അപകടാവസ്ഥയിലാണെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. സ്ഥിരമായി പൊരിച്ച ചിക്കന്‍ കഴിക്കുന്നവരില്‍ എത്ര വീര്യമേറിയ ആന്റിബയോട്ടിക് ആയാലും, ഒരു ഫലവും ഉണ്ടാക്കില്ലത്രെ. ശരിക്കും ഏറെ വെല്ലുവിളിയാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഹോര്‍മോണ്‍ ഉപയോഗിച്ച കോഴിയുടെ വ്യാപനം ആന്റിബയോട്ടിക്കുകളെ നിര്‍വീര്യമാക്കുന്ന സൂപ്പര്‍ ബഗുകള്‍ പെരുകാന്‍ കാരണമാകും. അണുബാധ മൂലമുള്ള മരണനിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്കാണ് ആധുനിക വൈദ്യശാസ്‌ത്രം പോയിക്കൊണ്ടിരിക്കുന്നത്.