ഈ മാറിയ കാലത്ത് കീടനാശിനികളുടെ അമിതോപയോഗം നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന നാശങ്ങള്‍ വളരെ വലുതാണ്. ഇതിന്റെ സൂചനയാണ് പശ്ചിമഘട്ടത്തിലും മറ്റും കാണപ്പെടുന്ന അംഗവൈകല്യമുള്ള തവളകളെന്ന് പുതിയ പഠനം പറയുന്നു. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് കണ്ണില്ലാത്തതും കൈകാലുകളുടെ എണ്ണം കൂടിയതുമായ തരം തവളകള്‍ കാണപ്പെടുന്നതിനെക്കുറിച്ച് നടത്തിയ പഠനം ചെന്നെത്തുന്നത്, കീടനാശിനികളുടെ അമിതോപയോഗത്തെക്കുറിച്ചാണ്. സലീം അലി സെന്റര്‍ ഫോര്‍ ഒര്‍നിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററിയിലെ ഡോ. എസ് മുരളീധരന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പശ്ചിമഘട്ട മലനിരകളിലെ അത്യന്തം അപകടകരമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ് തവളകളില്‍ അംഗവൈകല്യത്തിന് കാരണമാകുന്നത്. ഇത് മനുശ്യരാശിയെപ്പോലും അപകടത്തിലാക്കുന്നതാണ്. വൈകാതെ അംഗവൈകല്യം പോലെയുള്ള പ്രശ്‌നങ്ങള്‍ മനുഷ്യരിലും ഉണ്ടാകുമെന്ന് പഠനസംഘം നിരീക്ഷിക്കുന്നതായി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തില്‍, ഉല്‍പാദിപ്പിക്കപ്പെടുന്ന പഴങ്ങള്‍, തേയില, കാപ്പി, ഏലം, മറ്റു സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയൊക്കെ വളരെ വ്യാപകമായി മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ മാരകമായ കീടനാശിനികള്‍ അമിതമായ അളവില്‍ തളിക്കാറുണ്ട്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ അമിതോപയോഗം കാസര്‍കോട്ടെ ജനങ്ങളിലുണ്ടാക്കിയ അപകടകരമായ അവസ്ഥ തെക്കേയിന്ത്യയില്‍ വ്യാപകമാകാനുള്ള സാധ്യതയാണ് പഠനസംഘം നല്‍കുന്നത്. അംഗവൈകല്യങ്ങള്‍, ജനിതകവൈകല്യങ്ങള്‍, വിവിധയിനം ക്യാന്‍സറുകള്‍, ത്വക്ക്‌രോഗങ്ങള്‍ എന്നിവയ്‌ക്കും അമിത കീടനാശിനി പ്രയോഗം കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗര്‍ഭസ്ഥശിശുക്കളിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കേരളത്തിലെ കേന്ദ്രസര്‍വ്വകലാശാലയിലെ ഡോ. എച്ച് പി ഗുരുശങ്കര, കര്‍ണാടകയിലെ കുവേമ്പു സര്‍വ്വകലാശാലയിലെ ഡോ. എസ് വി കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ നടത്തിയ സര്‍വ്വേയും പഠനവിധേയമാക്കിയിരുന്നുവെന്ന് ദ ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റിപ്പോര്‍ട്ട്- അശ്വതി
ചിത്രത്തിന് കടപ്പാട്- ആര്‍ സന്തോഷ് കുമാര്‍, ദ ഹിന്ദു
