സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെയും മാറ്റിമറിക്കും. 25 വര്‍ഷം മുമ്പുള്ള ജീവിതസാഹചര്യങ്ങളും സാങ്കേതികവിദ്യകളുമല്ല ഇന്നുള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ കൗമാരക്കാര്‍ അനുഭവിക്കാത്ത, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കൗമാരക്കാര്‍ അനുഭവിച്ചിട്ടുള്ളതുമായ ചില കഷ്‌ടപ്പാടുകളിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം...

1, ഒരു ഫോട്ടോയെടുക്കാന്‍..

പണ്ടു എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ച് ഒരു ഫോട്ടോ എടുക്കാന്‍ എന്തൊക്കെ കഷ്‌ടപ്പാടായിരുന്നു. ഫിലിം വാങ്ങണം, അത് ലോഡ് ചെയ്യണം, ഫോക്കസ് ചെയ്‌തു ഫോട്ടോയെടുത്ത്, ഫിലിം കഴുകാന്‍ സ്റ്റുഡിയോയില്‍ കൊടുക്കണം. ഡെവലപ് ചെയ്‌ത് പ്രിന്റ് കിട്ടുന്നതുവരെ കാത്തിരിക്കണം. എന്നാല്‍ ഇന്നോ? ഒരു മൊബൈല്‍ഫോണ്‍ ഉണ്ടെങ്കില്‍ അനായാസം ഫോട്ടോ എടുക്കാം, ആ നിമിഷം തന്നെ വിദേശത്തുള്ള പ്രിയപ്പെട്ടവരുമായി വരെ അത് പങ്കുവെയ്ക്കുകയും ചെയ്യാം.

2, ഫോണ്‍ വിളി...

മൊബൈല്‍ഫോണ്‍ വന്നതോടെ ഫോണ്‍ വിളി എത്ര അനായാസമായിരിക്കുന്നു. പണ്ടാണെങ്കില്‍ കറക്കി ഡയല്‍ ചെയ്യണം, കോള്‍ കണക്‌ട് ആയാല്‍ അത്രയും കാര്യം. ഇങ്ങോട്ട് വിളിക്കുന്ന നമ്പര്‍ അറിയാനാണെങ്കില്‍ മാര്‍ഗമൊന്നും ഇല്ലാതിരുന്നു എന്നതും ന്യൂനതയായിരുന്നു. വീട്ടില്‍ ഫോണ്‍ ഇല്ലാത്തവര്‍ ടെലിഫോണ്‍ ബൂത്തിലോ, കൊയിന്‍ബോക്സോ ഒക്കെ ഉപയോഗിച്ചിരുന്നത് ഇന്നത്തെ കൗമാരക്കാര്‍ക്ക് അറിയാന്‍ വഴിയുണ്ടാകില്ല.

3, വഴി തെറ്റി അലഞ്ഞ കാലം..

ഏതെങ്കിലും ഒരു സ്ഥലത്ത് പോകണമെങ്കില്‍, പണ്ടാണെങ്കില്‍ പലതവണ വഴിതെറ്റും. എന്നാല്‍ ഇന്നത്തെ ഈ ജിപിഎസ് കാലത്ത് വഴിതെറ്റല്‍ എന്നൊരു സംഗതി ഇല്ലെന്നുതന്നെ പറയും. മൊബൈലില്‍ ജിപിഎസ് ഓണ്‍ ആക്കിയാല്‍ നമുക്ക് പോകേണ്ട സ്ഥലം കൃത്യമായി കാട്ടിത്തരും.

4, ഗവേഷണത്തിനായി വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍...

പണ്ടൊക്കെയാണെങ്കില്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥി നിരവധി പുസ്‌തകങ്ങള്‍ വായിച്ചു റഫര്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഇന്നത്തെ ഈ വിക്കിപ്പീഡിയകാലത്ത് വായന തീരെ കുറഞ്ഞിരിക്കുന്നു.

5, ഫോണ്‍ നമ്പര്‍ കണ്ടെത്താന്‍..

ഒരു കച്ചവട സ്ഥാപനത്തിന്റെയോ സേവനദാതാവിന്റെയോ ഫോണ്‍ നമ്പര്‍ കണ്ടെത്താന്‍ എന്തുമാത്രം കഷ്‌ടപ്പെട്ടിരുന്നു. ഡയറക്‌ടറിയും യെല്ലോപേജുകളും പരതണമായിരുന്നു. എന്നാല്‍ ഇന്നാണെങ്കിലോ, ഇന്റര്‍നെറ്റുള്ള മൊബൈലില്‍ തെരഞ്ഞൊല്‍, സെക്കന്‍ഡുകള്‍ക്കകം നമ്പര്‍ കിട്ടും.

6, ഇഷ്‌ടഗാനങ്ങള്‍ ശേഖരിക്കാന്‍...

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കൗമാരക്കാര്‍ ഇഷ്‌ടഗാനം കേള്‍ക്കാനും അത് ശേഖരിക്കാനും എന്തുമാത്രം കഷ്‌ടപ്പെട്ടിരുന്നു. റേഡിയോയില്‍, ആ ഗാനം പ്ലേ ചെയ്യുന്നത് കാത്തിരുന്ന്, ഒരു കാസറ്റിലേക്ക് അത് റെക്കോര്‍ഡ് ചെയ്‌തുമാറ്റും. ചിലപ്പോള്‍ ദിവസങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ആ ഗാനം ലഭ്യമാകുക. എന്നാല്‍ ഇന്നത്തെ അവസ്ഥയോ?

7, സിനിമ കാണാന്‍...

എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ് നമ്മുടെ നാട്ടില്‍ വിസിഡി, വിസിപി എന്നീ ഉപകരണങ്ങള്‍ വ്യാപകമാകുന്നത്. അതിനോടൊപ്പം തന്നെ കവലകളില്‍ സിനിമാ കാസറ്റ് വാടകയ്‌ക്ക് കൊടുക്കുന്ന കടകളും വന്നു. ഇഷ്‌ടപ്പെട്ട സിനിമ ലഭിയ്‌ക്കാന്‍ ചിലപ്പോള്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരും. കാസറ്റ് എടുത്തുകൊണ്ടുപോയ ആള്‍ തിരിച്ചുകൊണ്ടുവന്നോ എന്ന അന്വേഷണവുമായി ദിവസങ്ങളോളം കടയില്‍ കയറിയിറങ്ങിയവരാണ് അന്നത്തെ കൗമാരക്കാര്‍...