ദമ്പതികള്‍ ഒരുമിച്ച് മദ്യപിച്ചാൽ എന്തു സംഭവിക്കും? ഈ ചോദ്യം കേള്‍ക്കുമ്പോള്‍ മലയാളികളിൽ ചിലരെങ്കിലും ഒന്ന് നെറ്റി ചുളിക്കും- ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് മദ്യപിക്കുമോ? എന്നാൽ നെറ്റി അത്രയ്‌ക്കങ്ങ് ചുളിക്കണ്ട, നമ്മുടെ കേരളത്തിൽപ്പോലും നഗരങ്ങളിൽ ഒരുമിച്ച് മദ്യപിക്കുന്ന ദമ്പതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം സന്ദര്‍ഭങ്ങളിൽ ബിയറോ വൈനോ ആയിരിക്കും കൂടുതൽ പേരും തെരഞ്ഞെടുക്കുക. ഒരുമിച്ചുള്ള ഇത്തരം മദ്യപാനം ദാമ്പത്യജീവിതത്തെ എങ്ങനെ ബാധിക്കും? ഇതേക്കുറിച്ച് മിഷിഗണ്‍ സര്‍വ്വകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ഒരുമിച്ചുള്ള മദ്യപാനം ദമ്പതികള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുകയും ലൈംഗികജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുമെന്നാണ്. മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഡോ. കിറ ബിര്‍ഡിറ്റിന്റെ നേതൃത്വത്തിലെ സംഘമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 4864 ദമ്പതികളെയാണ് പഠനവിധേയമാക്കിയത്. ഇതിൽ പകുതിയിലേറെ പേരും ഒരുമിച്ച് മദ്യപിക്കുന്നവരാണ്. ഒരുമിച്ച് മദ്യപിക്കുമ്പോള്‍ സ്ത്രീകളേക്കാള്‍ കൂടുതൽ കുടിക്കുന്നത് പുരുഷ പങ്കാളികളാണ്. സ്‌ത്രീ കുടിക്കുകയും, പുരുഷന്‍ കുടിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭം സ്‌ത്രീകള്‍ ഒട്ടും ഇഷ്‌ടപ്പെടുന്നില്ലെന്നും പഠനത്തിൽ പറയുന്നു. എത്രത്തോളം കുടിക്കുന്നു എന്നതിനേക്കാള്‍, ഒരുമിച്ച് കുടിക്കുന്നതിനാണ് കൂടുതൽ പേരും പ്രാധാന്യം നൽകുന്നതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. മദ്യപാനത്തിനുശേഷമുള്ള സെക്‌സ് ഏറെ ആസ്വാദ്യകരമാണെന്നും പഠനത്തിൽ പങ്കെടുത്തവര്‍ പറയുന്നു.