Asianet News MalayalamAsianet News Malayalam

തലയിലെ താരനും ചൊറിച്ചിലും മാറാന്‍ വേറൊന്നും വേണ്ട, ഒരു കഷ്ണം ഇഞ്ചി മതി!

താരനും ചൊറിച്ചിലുമെല്ലാം മിക്കവർക്കും വലിയ ആത്മവിശ്വാസപ്രശ്നം ഉണ്ടാക്കാറുണ്ട്. എന്നാൽ വീട്ടില്‍ സദാസമയവും നമ്മള്‍ അടുക്കളയില്‍ സൂക്ഷിക്കുന്ന ഇഞ്ചി ഒരു കഷ്ണം മതിയാകും ഈ പ്രശ്‌നത്തെ തുരത്താന്‍

ginger can use to prevent dandruff and itchy scalp
Author
Trivandrum, First Published Feb 22, 2019, 10:56 PM IST

തലയില്‍ താരന്‍ വന്നുകൂടുന്നതും ഇത് ചെറിച്ചിലുണ്ടാക്കുന്നതുമെല്ലാം മിക്കവാറും പേര്‍ക്ക് വലിയ ആത്മവിശ്വാസക്കുറവുണ്ടാക്കാറുണ്ട്. താരന്‍ പോകാന്‍ പയറ്റാത്ത അടവുകളും ഉണ്ടായിരിക്കില്ല. 

എന്നാല്‍ വീട്ടില്‍ സദാസമയവും നമ്മള്‍ അടുക്കളയില്‍ സൂക്ഷിക്കുന്ന ഇഞ്ചി ഒരു കഷ്ണം മതിയാകും ഈ പ്രശ്‌നത്തെ തുരത്താന്‍. ബാക്ടീരിയ പോലുള്ള സൂക്ഷമങ്ങളായ അണുക്കള്‍ക്കെതിരെ പോരാടാന്‍ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ട്. അതിനാല്‍ തന്നെയാണ് ഒന്നിലധികം അസുഖങ്ങള്‍ക്ക് പ്രതിവിധിയായി നമ്മള്‍ ഇഞ്ചിയെ ആശ്രയിക്കുന്നത്. 

തലയിലെ താരന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന്‍ ഒരു വലിയ പരിധി വരെ ഇഞ്ചിക്ക് കഴിയുന്നു. ഇതുമൂലം താരന്‍ നശിക്കുകയും ചൊറിച്ചിലില്ലാതാവുകയും ചെയ്യുന്നു. 

ഇഞ്ചി കൊണ്ട് എങ്ങനെ 'ഹെയര്‍ മാസ്‌ക്' തയ്യാറാക്കാം?

ginger can use to prevent dandruff and itchy scalp

ഒട്ടും വാടാത്ത ഒരു കഷ്ണം ഇഞ്ചിയെടുക്കുക. ഇത് തൊലി ചുരണ്ടിയ ശേഷം ചെറുതായി അരിയുക. അല്ലെങ്കില്‍ ഒരു ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ഗ്രൈന്‍ഡ് ചെയ്താലും മതിയാകും. ശേഷം അല്‍പം വെള്ളത്തില്‍ ഈ ഇഞ്ചി ചേര്‍ത്ത് ചൂടാക്കുക. 

ചെറിയ തീയില്‍ പതിയെ വേണം ഇത് ചൂടാക്കാന്‍. അല്‍പം കഴിയുമ്പോള്‍ ഇഞ്ചിയിട്ട വെള്ളത്തിന്റെ നിറം മാറിത്തുടങ്ങും. ഇഞ്ചിയില്‍ നിന്നുള്ള നീര് വെള്ളത്തിലേക്ക് ഇറങ്ങുന്നതിനാലാണ് ഇത്. തുടര്‍ന്ന് തീ അണച്ച് ഇത് ആറാന്‍ വയ്ക്കാം. 

അരിഞ്ഞിട്ട ഇഞ്ചി കൈ കൊണ്ടോ തുണിയുപയോഗിച്ചോ അമര്‍ത്തി പരമാവധി നീര് വെള്ളത്തിലേക്ക് കലര്‍ത്താം. വെള്ളം തണുത്ത ശേഷം ഇത് നേരെ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഏതെങ്കിലും 'ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂ' ഉപയോഗിച്ച് തല വൃത്തിയായി കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ചെയ്യാവുന്നതാണ്. 

ginger can use to prevent dandruff and itchy scalp

അതേസമയം താരന്‍ പോകാതിരിക്കുകയും മറ്റെന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്താല്‍ വൈകാതെ ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ മറക്കരുത്. കാരണം, മറ്റെന്തെങ്കിലും കാരണം മൂലവും തലയോട്ടിയിലെ തൊലി വരണ്ടുപോവുകയും താരന്‍ വരികയും ചെയ്‌തേക്കാം.
 

Follow Us:
Download App:
  • android
  • ios