കണ്ടാല്‍ പ്രിയം തോന്നുന്ന വിവിധ തരത്തിലുള്ള ഗൗണുകളാണ് ഇവര്‍ മേളയ്ക്കായി ഒരുക്കിയിരുന്നത്. ഗൗണുകളുടെ നിറമോ മോഡലോ അല്ല പക്ഷേ, കാണികളെ ആകര്‍ഷിച്ചത്. അവയിലെല്ലാം എഴുതിയിരിക്കുന്ന ഡയലോഗുകളായിരുന്നു കാണികളെ കൂടുതല്‍ രസിപ്പിച്ചത്

ദിനംപ്രതിയാണ് വസ്ത്ര ഫാഷനുകളില്‍ തരംഗങ്ങള്‍ മാറി മാറിയടിക്കുന്നത്. ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ തന്നെ നിരവധിയാണ്. അത്തരമൊരു സംരംഭമാണ് ആംസ്റ്റെര്‍ഡാമിലെ 'വിക്ടര്‍ ആന്റ് റോള്‍ഫ്'. ഇവര്‍ ഇക്കുറി മഞ്ഞുകാലത്തെ വരവേറ്റുകൊണ്ട് നടത്തിയ ഫാഷന്‍ മേളയാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ സംസാരവിഷയമാകുന്നത്. 

കണ്ടാല്‍ പ്രിയം തോന്നുന്ന വിവിധ തരത്തിലുള്ള ഗൗണുകളാണ് ഇവര്‍ മേളയ്ക്കായി ഒരുക്കിയിരുന്നത്. ഗൗണുകളുടെ നിറമോ മോഡലോ അല്ല പക്ഷേ, കാണികളെ ആകര്‍ഷിച്ചത്. അവയിലെല്ലാം എഴുതിയിരിക്കുന്ന ഡയലോഗുകളായിരുന്നു കാണികളെ കൂടുതല്‍ രസിപ്പിച്ചത്. 

എഴുത്തുകള്‍ ഉള്‍പ്പെടുത്തിയ വസ്ത്രങ്ങള്‍ മുമ്പേ തരംഗം സൃഷ്ടിച്ച് കടന്നുപോയതാണ്. എങ്കിലും മീമുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള രസകരമായ പ്രസ്താവനകള്‍ രേഖപ്പെടുത്തിയ ഗൗണുകള്‍ വീണ്ടും ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ പുതുമയുണര്‍ത്തി. 

ഇത്തരത്തിലുള്ള 34 ഗൗണുകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. 2008ല്‍ 'നോ' എന്ന വാക്ക് മാത്രം തീം ആക്കി ഇവര്‍ നടത്തിയ ഫാഷന്‍ മേളയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.