മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന 'ഹെയര്‍ റിമൂവര്‍' ക്രീമുകള്‍ ശരീരത്തിന് അത്ര നല്ലതല്ല. മാത്രമല്ല, ഇവ ഉപയോഗിക്കും തോറും രോമവളര്‍ച്ച കൂടിക്കൊണ്ടുമിരിക്കും. അതുപോലെ തന്നെ, ചര്‍മ്മം വരളുകയും വിണ്ടുനില്‍ക്കുകയും ചെയ്യുന്നതും നമ്മുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും

അമിതമായ രോമവളര്‍ച്ച പലപ്പോഴും പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തെ വലിയ അളവില്‍ ബാധിക്കാറുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന 'ഹെയര്‍ റിമൂവര്‍' ക്രീമുകള്‍ ശരീരത്തിന് അത്ര നല്ലതുമല്ല. മാത്രമല്ല, ഇവ ഉപയോഗിക്കും തോറും രോമവളര്‍ച്ച കൂടിക്കൊണ്ടുമിരിക്കും. 

അതുപോലെ തന്നെ, ചര്‍മ്മം വരളുകയും വിണ്ടുനില്‍ക്കുകയും ചെയ്യുന്നതും നമ്മുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. ഇതൊരുപക്ഷേ പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഒരുപോലെ പ്രശ്‌നമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍ വീട്ടില്‍ വച്ചുതന്നെ പരീക്ഷിക്കാവുന്നതേയുള്ളൂ. 

ഇത്തരത്തിലുള്ള മൂന്ന് കൂട്ടുകളെക്കുറിച്ചാണ് പറയുന്നത്. കടലമാവ് ഉപയോഗിച്ചാണ് ഈ കൂട്ടുകളുണ്ടാക്കേണ്ടത്. 

ഒന്ന്...

അമിതമായ രോമവളര്‍ച്ച തടയുന്നതിനാണ് ഇത് ഉപയോഗിക്കേണ്ടത്. അരക്കപ്പ് കടലമാവ്, 2 ചെറുനാരങ്ങയുടെ നീര്, ഒരു സ്പൂണ്‍ മഞ്ഞള്‍, ഒരു സ്പൂണ്‍ ഫ്രഷ് ക്രീം അല്‍പം വെള്ളം എന്നിവ നന്നായി യോജിപ്പിക്കുക. 

ക്രീ പരുവത്തിലായ ഈ കൂട്ട് കാലിലോ കയ്യിലോ ഒക്കെ പുരട്ടിയ ശേഷം ഉണങ്ങാന്‍ അനുവദിക്കുക. ശേഷം രോമം വളരുന്നതിന് എതിര്‍ദിശയിലേക്ക് കൈ കൊണ്ട് ഉരച്ച്, ഇളക്കിക്കളയാം. 

രണ്ട്...

ചര്‍മ്മം വരളുന്നത് തടയാന്‍ ഉപയോഗിക്കുന്ന ഒരു മാസ്‌ക്കാണ് ഇനി പറയാന്‍ പോകുന്നത്. 3 സ്പൂണ്‍ കടലമാവ്, രണ്ട് സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ ഫ്രഷ് ക്രീം, ഇവയെല്ലാം യോജിപ്പിക്കാനാവശ്യമായ അല്‍പം പാല്. ഇത്രയും നന്നായി ചേര്‍ത്തിളക്കിയ ശേഷം മുഖത്തോ, കയ്യിലോ, കാലിലോ ഒക്കെ തേക്കുക.

ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത പാലുപയോഗിച്ച് പതിയെ നനച്ച്, ഇളക്കിയെടുക്കാം. 

മൂന്ന്...

കാലിലും, മുട്ടുകളിലുമെല്ലാം കറുപ്പുനിറം ഉണ്ടാകാറില്ലേ? ഇത് കുറേയൊക്കെ നമ്മുടെ അശ്രദ്ധ മൂലവുമാകാം. ഇത് ഒഴിവാക്കാനുള്ള മാര്‍ഗമാണ് ഇനി പറയുന്നത്. 

6 സ്പൂണ്‍ കടലമാവ്, 4 സ്പൂണ്‍ കട്ടിത്തൈര്, ഒരു ചെറുനാരങ്ങയുടെ നീര്, രണ്ട് സ്പൂണ്‍ ബദാം പേസ്റ്റ് എന്നിവ നന്നായി ചേര്‍ത്ത് യോജിപ്പിച്ച ശേഷം ആവശ്യമായ ഇടങ്ങളില്‍ പുരട്ടുക. ഇതും ഉണങ്ങുമ്പോള്‍ പാലുപയോഗിച്ച് പതിയെ ഇളക്കിക്കളയാം.