ശരീരം ഭക്ഷണത്തിലൂടെ നേടുന്ന കലോറികള്‍ ഊര്‍ജ്ജമായി എരിച്ചുകളഞ്ഞെങ്കില്‍ മാത്രമേ നമുക്ക് ആരോഗ്യത്തോടെ ഇരിക്കാനാകൂ. ഇതിന് സമയാസമയങ്ങളില്‍ ശരീരം അനങ്ങിത്തന്നെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്

വണ്ണം കുറയ്ക്കാനും ശരീരം 'ഫിറ്റ്' ആക്കാനും വേണ്ടി ജിമ്മില്‍ പോകുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍. എന്നാല്‍ പലപ്പോഴും ജിമ്മില്‍ പോയാലും നമ്മുടെ ശരീരം പുറമെയ്ക്കുള്ള സൗന്ദര്യത്തിനപ്പുറം ആരോഗ്യമുള്ളതായിരിക്കില്ലെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഇന്ത്യയിലെ ആകെ സ്ത്രീകളില്‍ 38 ശതമാനം സ്ത്രീകളും പുരുഷന്മാരില്‍ 44 ശതമാനവും ആരോഗ്യകരമായി പിന്നോക്കാവസ്ഥയിലാണെന്നാണ് 'ഹെല്‍ത്തിഫൈ മി' നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അതായത് സ്ഥിരമായി ജിമ്മില്‍ പോകുന്നതിനാല്‍ തനിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും വരില്ലെന്ന് ചിന്തിച്ചാല്‍ തെറ്റിയെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. 

ദിവസവും അരമണിക്കൂര്‍ ജിമ്മില്‍ ചിലവഴിക്കുകയും ബാക്കിയുള്ള സമയം ഇരുന്ന് ജോലി ചെയ്യുകയോ, ടിവി കാണുകയോ, കംപ്യൂട്ടര്‍ നോക്കുകയോ ഉറങ്ങുകയോ ചെയ്യുന്നരാണത്രേ ഭൂരിഭാഗം ചെറുപ്പക്കാരും. ഇവരില്‍ കേവലം 30 മിനുറ്റ് നേരത്തെ വര്‍ക്കൗട്ട് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്നും, തനിക്ക് ക്രമേണ പിടിപെടുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ബോധവാന്മാരാകാതെ പോകാന്‍ ഈ ശീലം കാരണമാകുന്നുവെന്നും പഠനം കണ്ടെത്തുന്നു. 

ശരീരം ഭക്ഷണത്തിലൂടെ നേടുന്ന കലോറികള്‍ ഊര്‍ജ്ജമായി എരിച്ചുകളഞ്ഞെങ്കില്‍ മാത്രമേ നമുക്ക് ആരോഗ്യത്തോടെ ഇരിക്കാനാകൂ. ഇതിന് സമയാസമയങ്ങളില്‍ ശരീരം അനങ്ങിത്തന്നെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ദിവസത്തില്‍ അരമണിക്കൂര്‍മാത്രം ശരീരം അനക്കി, മറ്റുള്ള സമയം അലസമായി ചിലവഴിച്ചാല്‍ പതിയിരിക്കുന്ന അപകടങ്ങള്‍ പോലും നമ്മള്‍ അറിയാതെ പോയേക്കാം. 

കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍- ഇതെല്ലാമാണ് ഇത്തരക്കാരെ എളുപ്പത്തില്‍ പിടികൂടാന്‍ സാധ്യതയുള്ള അസുഖങ്ങള്‍. എന്നാല്‍ താന്‍ ആരോഗ്യവാനാണെന്ന ബോധത്തില്‍ ഈ അസുഖങ്ങളെ തിരിച്ചറിയാനും ഇവര്‍ വൈകുന്നു. 

ദിവസത്തില്‍ കുറഞ്ഞത് 40 മിനുറ്റ് നേരത്തെ വ്യായാമമങ്കിലും ആവശ്യമാണെന്നും ഇതിന് പുറമെയുള്ള സമയങ്ങളില്‍ കഴിവതും ശരീരം അനക്കാന്‍ ശ്രമിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ആ 40 മിനുറ്റ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് നല്ലതുതന്നെ. എന്നാല്‍ അതിന് ശേഷം കുത്തിയിരുന്ന് ടിവി കാണാതെ, ഇടയ്ക്ക് ചെറിയ ഒരു നടത്തമാകാം. അടുക്കളയിലെ ജോലികളാണെങ്കില്‍ അത് പച്ചക്കറി അരിയുന്നതാണെങ്കില്‍ പോലും ഇരുന്ന് ചെയ്യാതെ നിന്ന് ചെയ്യാം. വീട്ടിനകത്തെ ജോലികള്‍ കൂടാതെ, പുറത്തും ചെറിയ ജോലികളാകാം. ഗാര്‍ഡനിംഗ് ഒക്കെ പോലെ,ഇതും ശരീരത്തിന് ആവശ്യമായ ചെറിയ വ്യായാമം നല്‍കും. 

നഗരജീവിതമാണ് ഒരു പരിധിവരെ ആളുകളുടെ ആരോഗ്യം ഇത്രമാത്രം പിന്നോക്കാവസ്ഥയിലേക്കെത്തിക്കാന്‍ കാരണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. ശരത് കുമാര്‍ പറയുന്നു. അതേസമയം ഇതിനെ മറികടക്കാന്‍ അല്‍പമൊരു ജാഗ്രത സ്വയം പുലര്‍ത്തിയാല്‍ മതിയെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.