ടൂ വീലറും ഫോർ വീലറുമുള്ള ഈ കാലത്ത് സെെക്കിൾ ചവിട്ടാൻ മിക്കവർക്കും മടിയാണ്. തൊട്ടടുത്ത സ്ഥലത്ത് പോകണമെങ്കിൽ പോലും വാഹനങ്ങൾ ആശ്രയിക്കുന്നവരാണ് പലരും. നടന്ന് പോകാനോ സെെക്കിൾ ചവിട്ടാനോ ആരും മെനക്കെടാറില്ല എന്നതാണ് വസ്തവം. ദിവസവും സെെക്കിൾ ചവിട്ടിയാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. സെെക്കിൾ ചവിട്ടുന്നത് നല്ലൊരു വ്യായാമം ആണെന്ന് തന്നെ പറയാം. ശരീരത്തിൽ കെട്ടി കിടക്കുന്ന കൊഴുപ്പ് അകറ്റാൻ സെെക്കിൾ യാത്ര സഹായിക്കും. 

അമിതവണ്ണമുള്ളവർ ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദിവസവും ഒരു മണിക്കൂറെങ്കിലും സെെക്കിൾ ചവിട്ടുക. സെെക്കിൾ ചവിട്ടുന്നതിലൂടെ അമിതവണ്ണം ഇല്ലാതാക്കുകയും ശരീരം കൂടുതൽ ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കും. ദിവസവും  400 മുതൽ 1000 വരെയുള്ള കാലറി കരിച്ചു കളയാൻ സെെക്കിൾ യാത്ര സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. കൂടാതെ ഇതുമൂലം ശ്വാസകോശങ്ങളിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കുകയും ചെയ്യുന്നു. 

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സെെക്കിള്‍ ചവിട്ടുന്നത് ​ഗുണം ചെയ്യുന്നത്. ശാരീരിക ആരോഗ്യത്തിന് പുറമെ, മാനസികമായും ഉന്മേഷം നൽകുന്ന വ്യായാമമാണ് സൈക്ലിംഗ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും എല്ലുകൾക്ക് ബലം കിട്ടാനും ഏറ്റവും നല്ലൊരു വ്യായാമമാണ് സൈക്ലിംഗ്. ടെെപ്പ് 2 പ്രമേഹം വരാതിരിക്കാൻ സൈക്ലിംഗ് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.