ചോക്ലേറ്റ് ഇഷ്മില്ലാത്തവരായി ആരും കാണില്ല. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ, ഡ‍ാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്റെ ചില ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഡ‍ാർക്ക് ചോക്ലേറ്റ് കഴിച്ചാലുള്ള നാല് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

തടി കുറയ്ക്കാം...

ചോക്ലേറ്റ് കഴിച്ചാൽ തടി കൂടുമെന്നാണ് പലരുടെയും ധരണ. എന്നാൽ അങ്ങനെയല്ല. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ശരീരഭാരം ഒരു പരിധി വരെ കുറയ്‍‌ക്കാനാകും. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീര ഭാരം കുറയാൻ ഇടയാക്കും. കൂടാതെ ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡും പോഷകങ്ങളും ഇതിന് സഹായിക്കുന്നതാണ്.  ഡാർക്ക് ചോക്ലേറ്റ് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുമെന്ന് മിക്ക പഠനങ്ങളും പറയുന്നു. 

‌പ്രമേഹം കുറയ്‌ക്കാം...

ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലേവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാണ് പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോൾ നൈട്രിക് ഓക്‌സൈഡിന്റെ അളവ് കൂട്ടുകയും ഇൻസുലിൻ അളവിനെ നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു. 

സമ്മർദം കുറയ്‌ക്കാം...

 ഡാർക്ക് ചോക്ലേറ്റ് സമ്മർദ്ദം കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു പ്രതിവിധിയാണെന്ന് മിക്ക പഠനങ്ങളും പറയുന്നത്.  സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റ് എന്നും കഴിക്കുന്നത് ഉപകരിക്കുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ബുദ്ധിവളർച്ചയ്ക്ക്...

തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഡാർക്ക് ചോക്ലേറ്റിന് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. കൊക്കോയിൽ അടങ്ങിയിരിക്കുന്ന തിയോബ്രോമിനും കഫീനുമാണ് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു.