സംസ്ഥാനത്തെ നൂറുകണക്കിന് വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഇടപെടൽ. വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം മൂന്നു വ‍ർഷത്തോളം സ്ഥിരമായി കഴിക്കേണ്ട everoimus എന്ന മരുന്ന് റീ-ഇംബേഴ്‌സ്മെന്റ് പട്ടികയിൽ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ സാധാരണക്കാരായ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥ കുടുംബങ്ങള്‍ക്ക് വലിയതോതിൽ ആശ്വാസമായി മാറിയിരിക്കുകയാണ്. നേരത്തെ മരുന്ന് വാങ്ങിയശേഷം ബില്ല് സമ‍ർപ്പിച്ചപ്പോൾ തള്ളപ്പെട്ട അപേക്ഷക‍ർക്ക് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും അപേക്ഷ സമ‍ർപ്പിക്കാനാകും. സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന അപേക്ഷകളിൽ ആരോഗ്യവകുപ്പ് പണം അനുവദിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്കുശേഷം മരുന്നിന്റെ അമിത ചെലവ് കാരണം കടംകയറി ജീവിതം വഴിമുട്ടിയ നിരവധി സ‍ർക്കാർ ഉദ്യോഗസ്ഥ കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.